സമ്പൂർണ പാർപ്പിട പദ്ധതി മാതൃകാപരമായി നാടപ്പിലാക്കി ആറ്റിങ്ങൽ നഗരസഭ - EC Online TV

Breaking

Post Top Ad


2020, നവംബർ 3, ചൊവ്വാഴ്ച

സമ്പൂർണ പാർപ്പിട പദ്ധതി മാതൃകാപരമായി നാടപ്പിലാക്കി ആറ്റിങ്ങൽ നഗരസഭ
ആറ്റിങ്ങൽ: ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി മൂന്നാം ഘട്ട ഭവന നിർമ്മാണ പെർമിറ്റ് 65 ഗുണഭോക്താക്കൾക്ക് കൂടി വിതരണം ചെയ്തു. നഗരസഭ ചെയർമാൻ എം.പ്രദീപ് ഗുണഭോക്താക്കൾക്ക് പെർമിറ്റ് വിതരണം ചെയ്ത് ഇതിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.


      പതിറ്റാണ്ടുകളായി വിവിധ ഭവന നിർമ്മാണ പദ്ധതികളിൽ ഉൾപ്പെട്ട് പല കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിപ്പോയ 701 കുടുംബങ്ങൾക്ക്  നഗരസഭ വീട് പുനർനിർമ്മിച്ച് നൽകിയിരുന്നു. ഇതിനോടൊപ്പം പുതിയ 204 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഭൂരഹിതരായ 127 പേരിൽ ആദ്യ ഘട്ടത്തിൽ 27 പേർക്ക് നഗരസഭ ഭൂമി വാങ്ങി നൽകി. കൂടാതെ പുതിയതായി ഗുണഭോക്‌തൃ പട്ടികയിൽ ഉൾപ്പെട്ട 65 കുടുംബങ്ങൾക്ക് കൂടി നടപടികൾ പൂർത്തിയാക്കി ഇന്ന് കെട്ടിട നിർമ്മാണ പെർമിറ്റ് കൈമാറി. ദൂരഹിതരായവർക്ക് ഭൂമി വാങ്ങി നൽകുന്നതോടൊപ്പം വീടും നിർമ്മിച്ച് നൽകുമെന്ന് ചെയർമാൻ അറിയിച്ചു.


     സംസ്ഥാന സർക്കാർ സമ്പൂർണ ഭവന പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് ഒരു വർഷം മുമ്പ് തന്നെ നഗരസഭ സംതൃപ്ത നഗരമെന്ന പദ്ധതി ആവിഷ്‌കരിച്ച് 101 ഭവന രഹിതർക്ക് വീട് നിർമ്മിച്ച് നൽകിയിരുന്നു. ഇത്തരത്തിൽ കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാവുമ്പോൾ ആറ്റിങ്ങൽ കേരളത്തിനും രാജ്യത്തിനും മാതൃകയാവുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നഗരസഭ നടപ്പിലാക്കുന്നതെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.


നഗരസഭാങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ അധ്യക്ഷയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജു സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു നന്ദി പ്രകാശിപ്പിച്ചു. വാർഡ് കൗൺസിലർമാർ, ഗുണഭോക്താക്കൾ, ലൈഫ് മിഷൻ ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad