വയനാട്ടിൽ മാവോയിസ്റ്റ് - പൊലീസ് ഏറ്റുമുട്ടൽ - EC Online TV

Breaking

Post Top Ad


2020, നവംബർ 3, ചൊവ്വാഴ്ച

വയനാട്ടിൽ മാവോയിസ്റ്റ് - പൊലീസ് ഏറ്റുമുട്ടൽ


വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടി.കേരള പൊലീസിൻ്റെ സായുധസേനാ വിഭാഗമായ തണ്ടർ ബോൾട്ടാണ് വനത്തിലുണ്ടായിരുന്ന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗർ ഡാമിനും സമീപത്തായുള്ള വനമേഖലയിൽ വച്ച് ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത് എന്നാണ് വിവരം. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. 

രാവിലെ ഈ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സംഘം മാവോയിസ്റ്റുകളെ കണ്ടെത്തുകയും തുടർന്ന് മാവോയിസ്റ്റുകൾ വെടിവെച്ചതിനെ തുടർന്ന് ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തുവെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ആദ്യഘട്ടത്തിൽ ലഭിക്കുന്ന വിശദീകരണം. മാവോയിസ്റ്റുകളുടെ സംഘത്തിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നും ഇതിലൊരാളാണ് കൊല്ലപ്പെട്ടതെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ടയാൾക്ക് സുമാ‍ർ 35 വയസ് തോന്നിക്കും. ഇയാളിൽ നിന്നും 303 മോഡൽ റൈഫിളും കണ്ടെത്തി. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 


മീൻമുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടക്കുന്നതെന്നും രാവിലെ ആരംഭിച്ച ഏറ്റുമുട്ടൽ അൽപസമയം മുൻപ് വരെ തുടർന്നുവെന്നാണ് സൂചന. തണ്ടർ ബോൾട്ട് നടത്തിയ പ്രത്യാക്രാമണത്തിൽ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റതായി ആദ്യം വിവരം വന്നെങ്കിലും ഇയാൾ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 


ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തേക്ക് ആരേയും പൊലീസ് കയറ്റിവിടുന്നില്ല. ഇവിടെ മൊബൈൽ ഫോണിന് റേഞ്ചില്ലെന്നും സാറ്റലൈറ്റ് ഫോണ് വഴി പൊലീസ് ആസ്ഥാനത്ത് നിന്നും തണ്ടർ ബോൾട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് സൂചന. മാവോയിസ്റ്റ് സംഘത്തിൻ്റെ കബനീ ദളം സജീവമായ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്.


കൊവിഡിനെ തുട‍ർന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായി വനംവകുപ്പും തണ്ട‍ർ ബോൾട്ടും പട്രോളിം​ഗ് സജീവമായി നടത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ആഴ്ച നടന്ന ഒരു ഉന്നതതലയോ​ഗത്തിൽ പട്രോളിം​ഗ് വീണ്ടും പുനരാരംഭിക്കാൻ തീരുമാനമായിരുന്നു. ഇതിൻ്റെ ഭാ​ഗമായി പട്രോളിം​ഗ് നടത്തിയ തണ്ട‍ർ ബോൾട്ട് സംഘത്തിന് മുന്നിലേക്കാണ് മാവോയിസ്റ്റുകൾ എത്തിയത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad