ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി നൽകി കോടതി. നാലു ദിവസത്തേയ്ക്കു കൂടി ബിനീഷ് എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ തുടരും. ഈ മാസം 11 വരെയാണ് കസ്റ്റഡി കാലാവധി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി.
കേരളത്തിൽ ബിനീഷുമായി ബന്ധപ്പെട്ടുള്ള നിരവധിയിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ബിനീഷിന് പങ്കാളിത്തമുള്ള മൂന്ന് കമ്പനികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ കസ്റ്റഡി കാലാവധി നീട്ടിനൽകണമെന്നായിരുന്നു എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ആണ് കോടതി നാലു ദിവസം കൂടി നീട്ടിയത്