തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി ഇന്നവസാനിക്കും ; നാളെ മുതൽ ഉദ്യോഗസ്ഥഭരണം - EC Online TV

Breaking

Post Top Ad


2020, നവംബർ 11, ബുധനാഴ്‌ച

തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി ഇന്നവസാനിക്കും ; നാളെ മുതൽ ഉദ്യോഗസ്ഥഭരണം

 


സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി ഇന്നവസാനിക്കുന്നു. ഭരണ സമിതികളുടെ കാലാവധി അവസാനിക്കുന്നതോടെ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥഭരണം നിലവില്‍ വരും. വോട്ടെണ്ണൽ  കഴിഞ്ഞ്  പുതിയ ഭരണസമിതികള്‍ അധികാരത്തിൽ  വരുന്നത് വരെ ഉദ്യോഗസ്ഥഭരണം തുടരുകയും ചെയ്യും. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളാണ് ഇന്ന് അർധരാത്രി മുതൽ ഉദ്യോഗസ്ഥഭരണത്തിലേക്ക് പോകുന്നത്.


2015 നവംബര്‍ 11 നാണ് തെരഞ്ഞെടുപ്പിലൂടെ നിലവിലെ ഭരണസമിതികള്‍ അധികാരത്തിലേറിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ് വൈകിയതിനാലാണ്  തദ്ദേശസ്ഥാപനങ്ങളില്‍ കൃത്യസമയത്ത് ഭരണസമിതികള്‍ക്ക് ചുമതലയേൽക്കാൻ കഴിയാതെ വന്നത്.  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍  ഉദ്യോഗസ്ഥ ഭരണത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. 


ജില്ലാപ്പഞ്ചായത്തുകള്‍ കോര്‍പ്പറേഷനുകള്‍  എന്നിവിടങ്ങളില്‍ കളക്ടര്‍മാര്‍ക്കാണ് ചുമതല. കളക്ടര്‍ക്ക് പുറമെ കോര്‍പ്പറേഷനില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി, എന്‍ജിനീയര്‍ എന്നിവരുടെ സമിതിക്കും ജില്ലാപ്പഞ്ചായത്തില്‍ ജില്ലാപ്പഞ്ചായത്ത് സെക്രട്ടറി, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എന്നിവരുടെ സമിതിക്കുമാണ് ചുമതലയുള്ളത്. ബ്ലോക്ക് പഞ്ചായത്തില്‍ സെക്രട്ടറി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുനിസിപ്പാലിറ്റികളില്‍ കൗണ്‍സില്‍ സെക്രട്ടറി, എഞ്ചിനീയര്‍, സംയോജിത ശിശുവികസന പദ്ധതിയുടെ ചുതലയുള്ള ഉദ്യോഗസ്ഥന്‍ പഞ്ചായത്തുകളില്‍ സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍, കൃഷി ഓഫീസര്‍ എന്നിവരുടെ സമിതികള്‍ക്കുമാണ് നാളെ മുതൽ  ഭരണച്ചുമതല ഏർപ്പെടുത്തിയിരിക്കുന്നത്.


ദൈനംദിന-അത്യാവശ്യ കാര്യങ്ങള്‍ മാത്രം  നിർവഹിക്കാനുള്ള അധികാരം മാത്രമേ  ഉദ്യോഗസ്ഥർക്ക് ഉണ്ടാവുകയുള്ളൂ. കൂടാതെ  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകേണ്ടതാണ്. ക്രിസ്മസിന് മുന്‍പ് പുതിയ ഭരണസമിതികള്‍ ചുമലയേല്‍ക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ ഒരു മാസത്തിലധികം ഉദ്യോഗസ്ഥഭരണം തുടരും.


തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും. നാളെ മുതല്‍ 19 വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഡിസംബര്‍ എട്ട്, പത്ത്,  പതിനാല് ദിവസങ്ങളിലായി മൂന്ന് ഘട്ടങ്ങളിലാണ് ഇത്തവണത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 16നാണ് വോട്ടെണ്ണൽ. 


Post Top Ad