പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 12, വ്യാഴാഴ്‌ച

പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിച്ചു

 


കൊവിഡിനാനന്തര ചികിത്സക്കായി  പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.  പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളില്‍ സ്ഥാപിച്ച പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ സ്ഥിതി ചെയ്യപ്പെടുന്ന പ്രദേശത്തെ കൊവിഡ് ഭേദമായ എല്ലാ രോഗികളുടെയും  പട്ടിക തയ്യാറാക്കി എല്ലാവര്‍ക്കും കൊവിഡിനാനന്തര ചികിത്സ ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ  എല്ലാ വ്യാഴാഴ്ചയുമാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതല്‍ ദിവസങ്ങളിലും പ്രവർത്തിക്കും. 


കൊവിഡ് ബാധിച്ച് ഭേദമായ എല്ലാ രോഗികളെയും മാസത്തില്‍ ഒരു തവണയെങ്കിലും ഈ ക്ലിനിക്കുകളിലൂടെയോ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെയോ ടെലിഫോണ്‍ മുഖേനെയോ ബന്ധപ്പെടുകയും അവരുടെ ആരോഗ്യസ്ഥിതി മനസിലാക്കിക്കൊണ്ട് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഇതിനായി ഇത്തരം ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ഫീല്‍ഡുതല ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. അതാത് പ്രദേശങ്ങളിലെ രോഗികളെ ഇത്തരം ക്ലിനിക്കുകളില്‍ എത്തിക്കുന്നതിന് ആശാ വര്‍ക്കര്‍മാരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകളില്‍ ഗുരുതര രോഗലക്ഷണങ്ങളോടു കൂടി എത്തുന്നവരുടെ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പോസ്റ്റ് കൊവിഡ് റഫറല്‍ ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. 


കൊവിഡ് മുക്തി നേടിയവരില്‍ പിന്നീട് പ്രത്യക്ഷപ്പെടുന്ന രോഗങ്ങളായ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം നിസാരമായി കാണരുത്. കൊവിഡ് രോഗമുക്തി കൈവരിച്ചവരിൽ  പലർക്കും  പല തരത്തിലുള്ള രോഗലക്ഷണങ്ങളും പിന്നീട് കണ്ടു വരുന്നുണ്ട്. അതില്‍ ഒരു ചെറിയ ശതമാനം ആളുകൾക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ ഉള്ളതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമിതമായ കിതപ്പ് മുതല്‍ ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ വരെ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോമില്‍ ഉള്‍പ്പെടുന്നു. ഇത് നിസാരമായി കണ്ടാല്‍ ഗുരുതരാവസ്ഥയിലെത്തിക്കും. പോസ്റ്റ് കൊവിഡ് സിന്‍ഡ്രോമിനെ ഫലപ്രദമായി നേരിടുന്നതിനാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. കൊവിഡ് രോഗമുക്തര്‍ ഈ സേവനം ഉപയോഗിക്കണമെന്നും മന്ത്രി വ്യക്തമാക്കി.




Post Top Ad