ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു ; വോട്ടിങ് മെഷീനുകളുടെ ആദ്യ ഘട്ട പരിശോധന പൂർത്തിയായി - EC Online TV

Breaking

Post Top Ad


2020, നവംബർ 11, ബുധനാഴ്‌ച

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു ; വോട്ടിങ് മെഷീനുകളുടെ ആദ്യ ഘട്ട പരിശോധന പൂർത്തിയായി

 


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തലസ്ഥാനത്ത് അതിവേഗം പുരോഗമിക്കുന്നു. വോട്ടെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ഇന്നലെ (10 നവംബർ  2020) പൂര്‍ത്തിയായി. വോട്ടെണ്ണല്‍ കഴിയുന്നത് വരെ  മെഷീനുകള്‍ കനത്ത സുരക്ഷയിലാണ് സൂക്ഷിക്കുക.


ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസയുടെ മേല്‍നോട്ടത്തില്‍ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡിലെ എന്‍ജിനീയര്‍മാരാണ് വോട്ടിങ് മെഷീനുകളുടെ സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കിയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിള്‍, കണക്ടര്‍, അവ കൊണ്ടുപോകുന്നതിനുള്ള പെട്ടി എന്നിവ പരിശോധിച്ച് കേടില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ആദ്യ ഘട്ട പരിശോധന.


കണ്‍ട്രോള്‍ യൂണിറ്റിന്റെയും ബാലറ്റ് യൂണിറ്റിന്റെയും എല്ലാ സ്വിച്ചുകളും ഫ്‌ളാപ്പുകളും സീല്‍ ചെയ്യുന്നതിനുള്ള ഭാഗങ്ങളും പരിശോധിച്ച് വോട്ടിങ് മെഷീനിന്റെ പ്രവര്‍ത്തന ക്ഷമതയും ഉറപ്പാക്കി. പരിശോധന പൂര്‍ത്തിയാക്കിയ കണ്‍ട്രോള്‍ യൂണിറ്റ് പൂര്‍ണമായി ഡി.എം.എം. സീലും പിങ്ക് പേപ്പര്‍ സീലും ഉപയോഗിച്ചു മുദ്രവച്ചു. കനത്ത സുരക്ഷയില്‍ പ്രത്യേക കേന്ദ്രത്തിലാണ് ഈ യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്.  തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ സാമുവല്‍ പരിശോധനാ നടപടികള്‍ ഏകോപിപ്പിച്ചു.

 

പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചാണു വോട്ടെടുപ്പ് നടത്തുന്നത്. ത്രിതല പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളുമുണ്ടാകും. ഇതിനായി ആകെ 2859 കണ്‍ട്രോള്‍ യൂണിറ്റുകളും 8651 ബാലറ്റ് യൂണിറ്റുകളുമാണ് ജില്ലയില്‍ ഉപയോഗിക്കുന്നത്.  മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് വോട്ടെടുപ്പിനായി ഉപയോഗിക്കുന്നത്. 

 

ജില്ലയില്‍ 73 ഗ്രാമ പഞ്ചായത്തുകളിലായി 1,299 വാര്‍ഡുകളാണുള്ളത്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 155ഉം ജില്ലാ പഞ്ചായത്തില്‍ 26-ഉം വാര്‍ഡുകളുമുണ്ട്.  നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല മുനിസിപ്പാലിറ്റികളിലായി 147ഉം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 100ഉം വാര്‍ഡുകളാണുള്ളത്. ഇവയടക്കം 90 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1,727 വാര്‍ഡുകളിലേക്കാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Top Ad