തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും - EC Online TV

Breaking

Post Top Ad


2020, നവംബർ 19, വ്യാഴാഴ്‌ച

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും

 


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് (19 നവംബർ) അവസാനിക്കും. ഈ മാസം 12 മുതലായിരുന്നു പത്രിക സമർപ്പണം ആരംഭിച്ചത്. അവധിദിനങ്ങളിലൊഴികെ ആറ് ദിവസം പത്രികസമര്‍പ്പണത്തിന് ലഭിച്ചു.


 നാളെ (20 നവംബർ) പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. വാർഡ് അടിസ്ഥാനത്തിൽ പ്രത്യേക സമയം നൽകിയാണു സൂക്ഷ്മ പരിശോധന നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർഥിക്കും നിർദേശകനും ഏജന്റിനും മാത്രമേ പരിശോധനാ ഹാളിലേക്കു പ്രവേശനം അനുവദിക്കൂ എന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 


നാളെ രാവിലെ ഒമ്പതു മുതലാണ് സൂക്ഷ്മ പരിശോധന ആരംഭിക്കുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നാമനിർദേശ പത്രികകളുടെ പരിശോധന ജില്ലാ കളക്ടറുടെ ചേംബറിലും കോർപ്പറേഷനിലെ 1 മുതൽ 25 വരെ വാർഡുകളിലെ സൂക്ഷ്മ പരിശോധന ജില്ലാ പ്ലാനിങ് ഓഫിസിലും 26 മുതൽ 50 വരെ വാർഡുകളിലെ സൂക്ഷ്മ പരിശോധന ജില്ലാ സപ്ലൈ ഓഫിസിലും 51 മുതൽ 75 വരെ ഡിവിഷുകളിലേത് സബ് കളക്ടറുടെ ഓഫീസിലുമാണ് നടക്കുന്നത്. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലാണ് ഈ ഓഫിസുകൾ സ്ഥിതിചെയ്യുന്നത്. 76 മുതൽ 100 വരെ ഡിവിഷനുകളിലെ സൂക്ഷ്മ പരിശോധന പി.എം.ജിയിലെ തൊഴിൽ ഭവനിൽ പ്രവർത്തിക്കുന്ന ജില്ലാ ലേബർ ഓഫിസിലുമാണ് നടക്കുന്നത്. 


ഗ്രാമ പഞ്ചായത്തുകൾ, ബ്ലോക്ക്, മുനിസിപ്പാലിറ്റികൾ  എന്നിവിടങ്ങളിലെ പത്രികകളുടെ സൂക്ഷ്മ പരിശോധന അതത് റിട്ടേണിങ് ഓഫിസർമാരുടെ കാര്യാലയങ്ങളിൽ നടക്കും. ഇതു സംബന്ധിച്ച വിശദമായ പട്ടിക തെരഞ്ഞെടുപ്പ് വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന ഫോം-1ൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇതനുസരിച്ചു  സ്ഥാനാർഥികളും ബന്ധപ്പെട്ടവരും എത്തേണ്ടതാണെന്നും  കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.


സൂക്ഷ്മ പരിശോധനാ ഹാളിലേക്ക് ഒരു സമയം പരമാവധി 30 പേർക്ക് മാത്രമേ  പ്രവേശനാനുമതിയുള്ളു. സൂക്ഷ്മ പരിശോധന രാവിലെ ഒമ്പതിന് ആരംഭിക്കുമെങ്കിലും ഓരോ വാർഡിന്റെയും സ്ഥാനാർഥികളെ അറിയിച്ചതിന് പ്രകാരമുള്ള സമയക്രമം കൃത്യമായി പാലിക്കണം.  സൂക്ഷ്മ പരിശോധന നടക്കുന്ന ഹാളിനുള്ളിൽ സാമൂഹിക അകലം പാലിച്ചാകും കസേരകൾ ക്രമീകരിക്കുക. കോവിഡ് പശ്ചാത്തലത്തിൽ നടത്തുന്ന ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു. 


സൂക്ഷ്മ പരിശോധനയ്ക്കു ശേഷം നവംബർ 23  നാണ് സ്ഥാനാർഥിത്വം  പിൻവലിക്കുന്നതിനുള്ള അവസാന തീയതി. അതിനു ശേഷമാകും അന്തിമ വോട്ടർ പത്രിക പ്രസിദ്ധീകരിക്കുന്നത്. 


മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ എട്ടിന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ  നടക്കും. കോട്ടയം , എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ  ഡിസംബർ പത്തിനാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. ഡിസംബർ പതിനാലിനാണ് മൂന്നാം ഘട്ടം. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പ്. ഡിസംബർ 16 നാണ്  വോട്ടെണ്ണൽ. ഡിസംബർ 23 ന് മുമ്പ് പുതിയ ഭരണസമിതികൾ അധികാരമേൽക്കും. അതുവരെ ഉദ്യോഗസ്ഥ ഭരണം തുടരും. കോർപ്പറേഷനുകളുടേയും ജില്ലാ പഞ്ചായത്തുകളുടെ ചുമതല ജില്ലാ കളക്ടർമാർക്കാണ്.Post Top Ad