മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വിജിലൻസ് അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, നവംബർ 18, ബുധനാഴ്‌ച

മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വിജിലൻസ് അറസ്റ്റിൽ


പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന കൊച്ചിയിലെ ലേക്ക് ഷോർ   ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.  അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ   ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് നിരീക്ഷണത്തിൽ ചികിത്സായിൽ തുടരാം.   


ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം  ഇബ്രാഹിം കുഞ്ഞിൻ്റെ ആലുവയിലെ വീട്ടിലെത്തി.  എന്നാൽ ഇന്നലെ രാത്രിയോടെ തന്നെ ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സ തേടുകയും അഡ്മിറ്റാകുകയും ചെയ്തിരുന്നു. വിജിലൻസ് സംഘം ആശുപത്രിയിലെത്തി ആശുപത്രി അധികൃതരുമായി സംസാരിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.   ആരോഗ്യ സ്ഥിതി തൃപ്തികരമായതുകൊണ്ട് നിയമനടപടികളിലേക്ക് കടക്കാമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.

ടി ഒ സൂരജ്, ആർ ഡി എക്‌സ് കമ്പനി ഉടമ എന്നിവരുടെ മൊഴിയുടെ  അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് പ്രതി ചേർത്തത്. . ഇബ്രാഹിംകുഞ്ഞിന് അഴിമതിയിൽ പങ്കുണ്ടെന്ന് നേരത്തെ തന്നെ ജാമ്യ ഹർജിയിൽ ടി ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. കരാറുകാരന് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നൽകാനായിരുന്നു ഉത്തരവെന്നും ടി ഒ സൂരജ് വെളിപ്പെടുത്തി. 8.25 കോടി രൂപ കരാറുകാരന് നൽകാനായിരുന്നു ഉത്തരവെന്നുമാണ്  ടി ഒ സൂരജിന്റെ മൊഴി. ഫെബ്രുവരിയിൽ മൂന്നു വട്ടം വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad