കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിലെ സ്ഥിരം യാത്രക്കാർക്ക് വേണ്ടി സീറ്റ് റിസർവേഷൻ സൗകര്യം നിലവിൽ വരുന്നു. ഇതിനായി ബസിൽ വെച്ച് തന്നെ 5 രൂപ വിലയുള്ള കൂപ്പൺ ടിക്കറ്റുകൾ കണ്ടക്ടർമാർ യാത്രാക്കാർക്ക് നൽകും. രാവിലെയുള്ള ട്രിപ്പുകളിൽ യാത്ര ചെയ്യുന്നവർ വൈകുന്നേരങ്ങളിൽ തിരിച്ചുള്ള ബസുകളിൽ സീറ്റുകൾ ഉറപ്പാക്കുന്നതിന് വേണ്ടി രാവിലെ തന്നെ കണ്ടക്ടർമാരിൽ നിന്നും കൂപ്പണുകൾ വാങ്ങാവുന്നതാണ്. ഓർഡിനറി സർവ്വീസുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരൻമാർ , വനിതകൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് രാവിലെയുള്ള യാത്രകളിൽ സീറ്റുകൾ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്ക യാത്രയിൽ സീറ്റു ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടർന്നാണ് കെ എസ് ആർ ടി സി പുതിയ സംവിധാനം ഒരുക്കുന്നത്.
മുൻഗണന കൂപ്പണുകളിൽ തീയതി, സീറ്റ് നമ്പർ, പുറപ്പെടുന്ന സമയം, ബസ് പുറപ്പെടുന്ന സ്ഥലം എന്നിവ രേഖപ്പെടുത്തിയിരിക്കും. ഒരു ദിവസം ഒരു ബസിൽ 30 ൽ കൂടുതൽ കൂപ്പണുകൾ നൽകുകയില്ല. ബസ്സിലെ ശേഷിക്കുന്ന സീറ്റുകൾ റിസർവേഷൻ കൂപ്പണില്ലാത്ത യാത്രക്കാർക്കുള്ളതാണ്. വൈകുന്നേരത്തെ മടക്ക യാത്രയിൽ റിസർവേഷൻ കൂപ്പണുള്ള യാത്രക്കാർക്ക് ബസിൽ കയറുന്നതിനുള്ള മുൻഗണന കണ്ടക്ടർമാർ തന്നെ ഉറപ്പാക്കുന്നതാണ്. ഒരേ ബസിലെ മുഴുവൻ സീറ്റുകളും മുൻഗണനാ കൂപ്പൺപ്രകാരം യാത്രാക്കർ ആവശ്യപ്പെട്ടാൽ ആ ഷെഡ്യൂഡിൽ അതേ റൂട്ടിൽ പകരം മറ്റൊരു ബസ് കൂടി സർവ്വീസ് നടത്തുന്നതാണ്. ഇതിനായി യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. സ്ഥിരം യാത്രാക്കാർക്ക് സീറ്റുകൾ ഉറപ്പ് വരുത്തി കൂടുതൽ സ്ഥിരം യാത്രക്കാരെ കെഎസ്ആർടിസി സർവ്വീസുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നതെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.