ഗതാഗത കുരുക്കിൽപെട്ട് ആറ്റിങ്ങൽ നഗരം - EC Online TV

Breaking

Post Top Ad


2020, നവംബർ 28, ശനിയാഴ്‌ച

ഗതാഗത കുരുക്കിൽപെട്ട് ആറ്റിങ്ങൽ നഗരം

 
ആറ്റിങ്ങലിൽ  നാലുവരിപ്പാതയുടെ നിർമാണപ്രവർത്തനങ്ങൾക്കായി ദേശീയപാതയുടെ ഒരുവശം അടച്ചത് ഇന്നലെ  നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായി. ദേശീയപാതയിൽ ഒരിഞ്ചുപോലും മുന്നോട്ടുനീങ്ങാനാകാതെ വാഹനങ്ങൾ തിങ്ങിനിറഞ്ഞതോടെ പോലീസിനും ഗതാഗതം നിയന്ത്രിക്കാൻ കഴിയാതെയായി. രാവിലെ തുടങ്ങിയ ഗതാഗത കുരുക്ക് ഉച്ചക്ക് 2.30ഓടെ പൂർവ്വസ്ഥിതിയിലായി.  കച്ചേരിനടയിൽനിന്നു പൂവമ്പാറവരെയുള്ള ഭാഗത്ത് റോഡിന്റെ ഇടതുവശത്തായി ടാറിങ്ങിനു തൊട്ടുമുമ്പുള്ള മെറ്റലിങ്ങും നിരപ്പാക്കലുമുൾപ്പെടെയുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്. പണിനടക്കുന്ന ഭാഗത്തേക്ക് വാഹനങ്ങൾ കടക്കാതിരിക്കാൻ കച്ചേരിനടയിലും ചന്തറോഡിനു സമീപവുമുള്ള റോഡ് വെള്ളിയാഴ്ച രാവിലെ അടച്ചിരുന്നു.  
നിർമ്മാർണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡിന്റെ ഇടതുവശം അടച്ചശേഷം രണ്ടുവശത്തേക്കുമുള്ള വാഹനങ്ങൾ വലതുവശത്തെ വഴിയിലൂടെ കടത്തിവിടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പണിമുടക്കിനു ശേഷമുള്ള ദിവസമായതിനാൽ വെള്ളിയാഴ്ച റോഡിൽ സ്വകാര്യവാഹനങ്ങൾ കൂടുതലായെത്തിയതോടെ ഗതാഗതകുരുക്ക് രൂക്ഷമായി. എട്ടുമണിയോടെ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.   10 മണിയായപ്പോഴേക്കും ദേശീയപാതയിൽ വാഹനങ്ങൾക്ക് നീങ്ങാൻ കഴിയാത്തവിധം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.  യാത്രക്കാർ ഇടറോഡുകളിലേക്കു കയറിയതോടെ ഇടറോഡുകളിലും വാഹനങ്ങൾ നീങ്ങാൻ കഴിയാത്തവിധം കുരുക്കായി.  ദേശീയപാതകൂടാതെ പാലസ്‌റോഡ്, അയിലം റോഡ്, നഗരത്തിനുള്ളിലെ ഇടറോഡുകൾ എന്നിവയെല്ലാം വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു. കൊല്ലംഭാഗത്തേക്കുള്ള വാഹനങ്ങളെ കോരാണിയിൽനിന്ന് ചിറയിൻകീഴ്-ആറ്റിങ്ങൽ ജി.എച്ച്.എസ്.എസ്.ജങ്ഷൻ-മണനാക്ക്-വഴി ആലംകോട്ടേക്കും തിരുവനന്തപുരത്തുനിന്നുള്ള വാഹനങ്ങളെ ആലംകോട്ടുനിന്നു തിരിച്ച് ഇതേ റൂട്ടുവഴിയും കടത്തിവിട്ടുകൊണ്ട്  പോലീസ് നഗരത്തിലെ കുരുക്കഴിക്കാൻ ശ്രമിച്ചെങ്കിലും ശ്രമങ്ങൾ വിഫലമായതോടെ റോഡിന്റെ   അടച്ചിരുന്ന ഭാഗം അധികൃതർ തുറന്നുവെങ്കിലും ഉച്ചയ്ക്ക് 2.30ഓടെയാണ് രാവിലെ തുടങ്ങിയ  ഗതാഗത തടസം മാറി ഗതാഗതം പൂർവ്വസ്ഥിതിയിലായത്. 


Post Top Ad