രൂക്ഷമായ കടൽ ക്ഷോഭത്തെത്തുടർന്ന് അപകടാവസ്ഥയിലായ ശംഖുമുഖം കടപ്പുറത്ത് സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തുന്നു. വേലിയേറ്റ മേഖലയിൽനിന്നുള്ള 100 മീറ്റർ പ്രദേശത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകരെ പ്രവേശിപ്പിക്കില്ല. ഈ ഭാഗം ബാരിക്കേഡ് ഉപയോഗിച്ച് അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന ബീച്ചുകൾ നവംബർ ഒന്നു മുതൽ സഞ്ചാരികൾക്കു തുറന്നു കൊടുത്തിരുന്നു. ഇതോടെ നിരവധി ആളുകളാണ് ശംഖുമുഖത്ത് ദിവസവും എത്തുന്നത്. കഴിഞ്ഞ മഴക്കാലത്തുണ്ടായ രൂക്ഷമായ കടൽ ക്ഷോഭത്തിൽ തീരത്തെ നടപ്പാതകളും തീരവും തകർന്നിരുന്നു. ബെഞ്ചുകൾ അടക്കമുള്ളവയും അപകടാവസ്ഥയിലാണ്. സന്ദർശകർ ഈ ഭാഗത്തേക്ക് എത്തുന്നത് അപകടമുണ്ടാക്കുമെന്നതു മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന മേഖലയിൽ ഫുഡ് കോർട്ട്, മത്സ്യ വിൽപ്പന, മറ്റു കടകൾ എന്നിവയും പ്രവർത്തിപ്പിക്കരുത്. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.
