തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയെടുത്ത കേസിൽ രണ്ട് രാജസ്ഥാൻ സ്വദേശികൾ പിടിയിൽ. രാജസ്ഥാനിലെ കാമൻ സ്വദേശികളായ നഹർസിങ്, സുഖ്ദേവ് സിങ് എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് പിടികൂടിയത്. ഫെയ്സ്ബുക്കിലൂടെ അങ്കിത ശർമ്മ എന്ന വ്യാജ പ്രൊഫൈൽ വഴി പ്രതികൾ യുവാവുമായി സൗഹൃദം സ്ഥാപിക്കുകയും കോളേജ് വിദ്യാർഥിനിയാണെന്ന വ്യാജേന യുവാവുമായി നിരന്തരം സംസാരിക്കുകയും വാട്സാപ്പിലൂടെ ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും പരസ്പരം കൈമാറുകയും ചെയ്തു. തുടർന്ന് സ്വകാര്യചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പോലീസിൽ പരാതി നൽകി കുടുക്കുമെന്നും ഭീഷണിപ്പെടുത്തി തിരുവനന്തപുരം സ്വദേശിയിൽ നിന്നും ഏകദേശം പതിനായിരം രൂപയോളം പ്രതികൾ തട്ടിയെടുത്തു.
പ്രതികളുടെ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇ-വാലറ്റ് വിലാസങ്ങൾ കേന്ദ്രീകരിച്ച് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാനിലെ ഭരത്പുർ മേഖലയിലാണ് പ്രതികളുടെ താവളമെന്നും ഇവിടം കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ അരങ്ങേറുന്നതെന്നും കണ്ടെത്തിയത് . തുടർന്ന് പോലീസ് രാജസ്ഥാനിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായയുടെ നിർദേശപ്രകാരം റെയ്ഞ്ച് ഡി.ഐ.ജി. സഞ്ജയ് കുമാറിന്റെ മേൽനോട്ടത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഡി.വൈ.എസ്.പി. ശ്യാംലാൽ, പോലീസ് ഇൻസ്പെക്ടർ ആർ. റോജ്. എസ്.ഐ.മാരായ ബിജു രാധാകൃഷ്ണൻ, ബിജുലാൽ, എ.എസ്.ഐ. ഷിബു, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാഗ്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയതും പ്രതികളെ പിടികൂടിയതും.