സെപ്റ്റിക്ക് ടാങ്ക് മാലിന്യ സംസ്കരണ രീതിക്ക് ഒരു പുതിയ സംവിധാനം കൂടിയാണ് നഗരസഭ ആരംഭിച്ചിരിക്കുന്നത്. ശൗചാലയ മാലിന്യ സംസ്കരണത്തിനും, ഡ്രൈനേജ് മാലിന്യം നീക്കം ചെയ്യുന്നതിനുമായാണ് 24,75000 രൂപ ചിലവഴിച്ച് മൊബൈൽ സക്കിംഗ് മെഷീൻ നഗരസഭ വാങ്ങിയത്. ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മലിനജലം പൊതു ഓടകളിലൂടെ ഒഴുക്കി വിടുന്ന പ്രവണതയാണ് നഗരത്തിൽ നിലനിന്നിരുന്നത്. നഗരസഭ ഇതിനെതിരെ കർശന നടപടികളും സ്വീകരിച്ചിരുന്നു. പക്ഷേ കച്ചവട സ്ഥാപനങ്ങൾക്ക് വേറൊരു ബദൽ സംവിധാനം ഇല്ലാത്തതും, മലിന ജലം നീക്കം ചെയ്യുന്നതിന് പട്ടണത്തിൽ നിന്ന് കിലോമീറ്റുകൾ അകലെയുള്ള സ്ഥലങ്ങളിൽ നിന്നും ടാങ്കർ വാഹനങ്ങളെ ആശ്രയിക്കേണ്ടതും ഈ മേഖലയെ ഏറെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. ഇത് പലപ്പോഴും പ്രായോഗികവും ആയിരുന്നില്ല. കൂടാതെ നഗരത്തിൽ ജനസാന്ദ്രത ഏറിയ പ്രദേശങ്ങളിൽ സെപ്റ്റിക്ക് ടാങ്കുകൾക്ക് പകരം ആഴമേറിയ കുഴികളാണ് ആശാസ്ത്രീയമായി നിർമ്മിച്ചിരുന്നത്. നിലവിലെ കുഴികൾ നിറയുമ്പോൾ മാലിന്യം നീക്കം ചെയ്യാനാവാതെയും നീയമങ്ങൾ പാലിക്കാതെയും പുതിയ കുഴികൾ നിർമ്മിക്കുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. ഇത് തൊട്ടടുത്തെ കിണറുകൾ ഉൾപ്പടെയുള്ള കുടിവെള്ള സംഭരണികളെയും ജലാശയങ്ങളെയും മലീനസമാക്കുനതായും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലക്കാണ് മൊബൈൽ സക്കിംഗ് യൂണിറ്റെന്ന ആശയം നഗരസഭ നടപ്പിലാക്കിയത്.
വാഹനത്തിന്റെ രജിസ്ട്രേഷൻ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കി ജനങ്ങൾക്ക് ഇതിന്റെ സേവനം ലഭ്യമാക്കും. നഗരസഭാ പരിധിയിലായിരിക്കും യൂണിറ്റിന്റെ സേവനം ആദ്യ ഘട്ടം ലഭ്യമാക്കുന്നത്. ദൂരം, മാലിന്യത്തിന്റെ അളവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ആവശ്യക്കാരിൽ നിന്നും വാഹനത്തിന്റെ വാടക ഈടാക്കുന്നത്. ഈ സംവിധാനം ഉപയോഗപ്പെടുത്താതെ മാലിന്യങ്ങൾ പൊതു ഓടകളിലൂടെ ഒഴുക്കുന്നവരെയും, മാനദണ്ഡങ്ങൾ പാലിക്കാതെ സെപ്റ്റിക്ക് ടാങ്ക് നിർമ്മാണം നടത്തുവർക്കെതിരെയും കർശന നീയമ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
ഫ്ലാഗ് ഓഫ് കർമ്മത്തിൽ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, പ്രതിപക്ഷ നേതാവ് എം.അനിൽകുമാർ, സെക്രട്ടറി എസ്.വിശ്വനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.റുഖൈനത്ത്, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.മനോജ്, വാർഡ് കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.