ആറ്റിങ്ങലിൽ നിർമ്മാണം പൂർത്തിയാക്കിയ രണ്ടു പ്രധാന റോഡുകൾ ഗതാഗതത്തിനു തുറന്നു - EC Online TV

Breaking

Post Top Ad


2020, നവംബർ 2, തിങ്കളാഴ്‌ച

ആറ്റിങ്ങലിൽ നിർമ്മാണം പൂർത്തിയാക്കിയ രണ്ടു പ്രധാന റോഡുകൾ ഗതാഗതത്തിനു തുറന്നു


ആറ്റിങ്ങൽ മണ്ഡലത്തിന്റെ സമഗ്ര വികസനക്കുതിപ്പിനു ശക്തിപകർന്നു രണ്ടു പ്രധാന റോഡുകൾ ഗതാഗതത്തിനു തുറന്നു. വടക്കൻ തീരപ്രദേശങ്ങളെ ദേശീയ പാതയുമായും എം.സി. റോഡുമായും ബന്ധിപ്പിക്കുന്ന ചെറുന്നിയൂർ മുതൽ കിളിമാനൂർ വരെയുള്ള പാതയും കിളിമാനൂർ മുതൽ മൊട്ടക്കുഴി വരെയുള്ള പാതയുമാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നാടിനു സമർപ്പിച്ചത്.


 കഴിഞ്ഞ 53 മാസത്തിനിടെ ആറ്റിങ്ങൽ മണ്ഡലത്തിന്റെ വികസനം ലക്ഷ്യംവച്ചു വൈവിധ്യമാർന്ന വികസന പദ്ധതികൾ നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞതായി റോഡുകൾ ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. കിഫ്ബിയിൽനിന്നുള്ള 32.44 കോടി ചെലവിലാണു ചെറുന്നിയൂരിൽ തുടങ്ങി ഒറ്റൂർ - മണമ്പൂർ- കരവാരം - നഗരൂർ വഴി കിളിമാനൂരിൽ അവസാനിക്കുന്ന 33 കിലോമീറ്റർ റോഡ് നിർമിച്ചത്. ആറു പഞ്ചായത്തുകളിലൂടെ റോഡ് കടന്നുപോകുന്നുണ്ട്. ഓടകൾ, കലുങ്കുകൾ, സംരക്ഷണഭിത്തികൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ട്രാഫിക്ക് സേഫ്റ്റി വർക്ക് എന്നിവയും റോഡിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്.


കിളിമാനൂരിൽ നിന്നും മലയോര പട്ടണമായ കടയ്ക്കലിലേക്കുള്ള എളുപ്പവഴിയാണു കിളിമാനൂർ - അടയമൺ - തൊളിക്കുഴി - ആനന്ദൻ മുക്ക് - മൊട്ടക്കുഴി റോഡ്. അഞ്ചു കിലോമീറ്ററാണു ദൈർഘ്യം. ബി.എം ആൻഡ് ബി.സി. നിലവാരത്തിലാണ് ഈ റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് ഫണ്ടിൽനിന്നും ആറു കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.


കിളിമാനൂർ - പുതിയകാവ് റോഡ്, ചാത്തമ്പാറ പറങ്കിമാംവിള - മണമ്പൂർ റോഡ് എന്നിവയുടെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. നഗരൂർ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബി. സത്യൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. രഘു, കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ, ജില്ലാ പഞ്ചായത്ത് അംഗം ഡി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹരികൃഷ്ണൻ നായർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad