കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ അഖിലേന്ത്യ പണിമുടക്ക് ആറ്റിങ്ങലിൽ ജനജീവിതത്തെ ഭാഗികമായി ബാധിച്ചു. ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ നിരത്തുകളിൽ പൊതു ഗതാഗത വാഹനങ്ങൾ ഇല്ലെങ്കിലും സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം ഓടുന്നുണ്ട്. കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഉൾപ്പെടെ പൂർണമായി നിർത്തി. അവശ്യ സർവീസുകൾ ഒഴിച്ചാൽ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നില്ല. ബാങ്കിങ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല. ഓട്ടോ, ടാക്സി സർവീസുകളും പൂർണമായി പണിമുടക്കിലാണ്.
പണിയില്ലാക്കാലത്തെ പണിമുടക്കാണ് എന്ന ആക്ഷേപമാണ് ജനങ്ങൾക്കിടയിൽ ഉയർന്നിട്ടുള്ളത്. ലോക്ഡൗൺ പിൻവലിച്ചിട്ടും ടാക്സി, ഓട്ടോ, ടൂറിസം സർവീസുകളും ഹോട്ടൽ ഉൾപ്പടെയുള്ള വാണിജ്യ സ്ഥാപനങ്ങളും സാധാരണ നിലയിലായിട്ടില്ല. ജോലി നഷ്ടപ്പെട്ട ആയിരങ്ങൾ ഇപ്പോഴും തൊഴിലന്വേഷണത്തിലാണ്.
ലോക്ഡൗണിൽ വീട്ടിലിരുന്നു മുഷിഞ്ഞവർക്കിടയിലേയ്ക്കെത്തിയ പണിമുടക്കിനോട് കാര്യമായ താൽപര്യമില്ലെന്നാണ് സാധാരണക്കാരുടെ മറുപടി. നേരത്തെ ഇടയ്ക്കുണ്ടാകുന്ന പണിമുടക്കിൽ ആഹ്ലാദം കണ്ടെത്തിയിരുന്നവർപോലം ഇപ്പോൾ തണുപ്പൻ മട്ടിലാണ് പ്രതികരിക്കുന്നത്. കോളജുകളും സ്കൂളുകളും പ്രവർത്തിക്കുന്നില്ലാത്തതിനാൽ വിദ്യാർഥി സംഘങ്ങൾക്കും താൽപര്യമില്ല.
സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇപ്പോഴും സാധാരണ നിലയിൽ ഓടിത്തുടങ്ങിയിട്ടില്ല. ടാക്സി വാഹനങ്ങൾക്ക് ആവശ്യക്കാർ കുറവായതിനാൽ ആ മേഖല സ്തംഭിച്ചു തന്നെയാണ്. ആൾക്കാരില്ലാത്തതും വേണ്ടത്ര ട്രെയിനുകൾ ഓടിത്തുടങ്ങാത്തതും പണിമുടക്ക് അത്തരത്തിലും ബാധിച്ചില്ലെന്നാണു വിലയിരുത്തൽ.