രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിച്ച് ജയിച്ച തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സോളാർ കേസ് പ്രതിയായിരുന്ന സരിത എസ് നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തുടർച്ചയായി പരാതിക്കാരിയും അഭിഭാഷകനും ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് സരിത എസ് നായർക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും എറണാകുളത്ത് നിന്നും മത്സരിക്കാനായി സരിത എസ് നായർ നൽകിയ നാമനിർദേശ പത്രികകൾ തള്ളപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് സരിത സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കോടതി നടപടികൾ ആരംഭിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നും ഈ കേസ് പരിഗണിച്ചെങ്കിലും ആരും ഹാജരായില്ല. തുടർന്ന് മറ്റു കേസുകളിലേക്ക് കടന്ന കോടതി പിന്നെയും ഈ കേസ് വിളിച്ചു അപ്പോഴും ആരും കേസിനായി ഹാജരായില്ല. ഇതോടെയാണ് ഹർജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്.