ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണം തുടങ്ങി. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവൻസ് എന്ന നിലയിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. കിറ്റുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
ആദ്യഘട്ടത്തിൽ പ്രീ പ്രൈമറി, പ്രൈമറി വിഭാഗം കുട്ടികൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്. തുടർന്ന് അപ്പർപ്രൈമറി വിദ്യാർഥികൾക്കുള്ള ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. ഭക്ഷ്യധാന്യവും എട്ടിന ഭക്ഷ്യവസ്തുക്കളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റിൽ യഥാക്രമം രണ്ട് കിലോ, ഏഴ് കിലോ ഭക്ഷ്യധാന്യവും (അരി) 308.14 രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അപ്പർപ്രൈമറി വിഭാഗക്കാർക്ക് നൽകുന്ന കിറ്റിൽ 10 കിലോ ഭക്ഷ്യധാന്യവും 461.90 രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുമാണുള്ളത്. ചെറുപയർ, കടല, തുവര പരിപ്പ്, ഉഴുന്ന് പരിപ്പ്, ഭക്ഷ്യഎണ്ണ, മൂന്നിനം കറി പൗഡറുകൾ എന്നിവയാണ് ഭക്ഷ്യവസ്തുക്കളായി ഉൾപ്പെടുത്തിയിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി ഭക്ഷ്യകിറ്റുകൾ തയ്യാറാക്കി സ്കൂളുകളിൽ എത്തിക്കുന്നത് കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈക്കോ) ആണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സ്കൂളുകളിൽ നിന്നും ഭക്ഷ്യകിറ്റ് വിതരണം ചെയ്യും.