മൂന്ന് പതിറ്റാണ്ടിനൊടുവിൽ ആറ്റിങ്ങൽ നഗരസഭയുടെ വനിത ഹോസ്റ്റൽ പൂർണതയിലേക്ക് - EC Online TV

Breaking

Post Top Ad


2020, നവംബർ 3, ചൊവ്വാഴ്ച

മൂന്ന് പതിറ്റാണ്ടിനൊടുവിൽ ആറ്റിങ്ങൽ നഗരസഭയുടെ വനിത ഹോസ്റ്റൽ പൂർണതയിലേക്ക്
ആറ്റിങ്ങൽ നഗരസഭയുടെ വനിത ഹോസ്റ്റൽ മന്ദിരത്തിന്റെ ഉദ്ഘാടനം ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു. നഗരസഭ വാർഡ് 12 ൽ പഴയ മുനിസിപ്പൽ ക്വാർട്ടേഷ്സിന് സമീപത്തായി 2017 - 18 ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി 65 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച കെട്ടിടമാണ് വനിത ഹോസ്റ്റലായി മാറുന്നത്. ഏകദേശം 30 പേർക്ക് ഇവിടെ താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫർണിച്ചർ, ഡൈനിംഗ് ഹാൾ, അടുക്കള, ടോയ്ലറ്റ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ ചുമതലയിലായിരിക്കും ഹോസ്റ്റൽ പ്രവർത്തനം പൂർണമായും നടപ്പിലാക്കുന്നത്.


      മാസങ്ങൾക്ക് മുമ്പേ ഹോസ്റ്റൽ പ്രവർത്തനക്ഷമം ആക്കാനുള്ള നടപടികളും നഗരസഭ പൂർത്തിയാക്കിയിരുന്നു. അപ്രതീക്ഷിതമായി ആരോഗ്യ മേഖലയിലേക്ക് കടന്ന് വന്ന കൊവിഡ് പ്രതിസന്ധി കാരണം ഹോസ്റ്റലിന്റെ പ്രവർത്തന കാലയളവ് നഗരസഭ നീട്ടിയിരുന്നു. വരുന്ന മാസങ്ങളിലായി പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മന്ദിരം പ്രവർത്തന സജ്ജമാക്കിയത്. നിലവിൽ പട്ടണത്തിന് പുറത്ത് നിന്ന് വരുന്ന വിദ്യാർത്ഥിനികൾക്ക് സുരക്ഷിതമായി താമസിക്കാൻ ഒരിടം ഇല്ല എന്ന സാഹചര്യം കണക്കിലെടുത്താണ് നഗരസഭ ഇത്തരത്തിൽ ഒരു സംവിധാനം ഒരുക്കിയത്. കഴിഞ്ഞ പ്രളയകാലത്ത് പട്ടണത്തിലെ വിവിധ തീരമേഖലകളിൽ താമസിച്ചിരുന്ന നിരവധി കുടുംബങ്ങളെ താൽക്കാലികമായി ഈ കെട്ടിടത്തിലേക്ക് നഗരസഭ മാറ്റി പാർപ്പിച്ചിരുന്നു.


      നിലവിലെ കൗൺസിൽ അധ്യക്ഷനായ എം. പ്രദീപ് 1988 ലെ കൗൺസിലിൽ ഫിനാൻസ് കമ്മിറ്റി ചെയർമാനായിരിക്കവെ ആണ് വനിത ഹോസ്റ്റൽ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് പല കാരണങ്ങളാലും മുടങ്ങിപ്പോയിരുന്ന ഈ പദ്ധതി നീണ്ട 32 വർഷങ്ങൾക്കിപ്പുറം നഗരസഭക്ക് സഫലീകരിക്കാനായി. പട്ടണത്തിലെ വിദ്യാർത്ഥികൾക്ക് പഠന നിലവാരമുയർത്തുന്നതിന് ഒപ്പം സുരക്ഷിതമായി താമസിച്ച് പഠിക്കാനൊരിടം കൂടി നഗരസഭയുടെ തണലിൽ ഒരുങ്ങിയിരിക്കുന്നെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.


വനിത ഹോസ്റ്റൽ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ അവനവഞ്ചേരി രാജു സ്വാഗതം ആശംസിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ എ.റീജ, വാർഡ് കൗൺസിലർമാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad