പ്രസവ ശസ്ത്രക്രിയക്കിടെ കൈപ്പിഴ ; യുവതി ഗുരുതരാവസ്ഥയിൽ - EC Online TV

Breaking

Post Top Ad


2020, നവംബർ 27, വെള്ളിയാഴ്‌ച

പ്രസവ ശസ്ത്രക്രിയക്കിടെ കൈപ്പിഴ ; യുവതി ഗുരുതരാവസ്ഥയിൽ

 


 പ്രസവ ശസ്ത്രക്രിയക്കിടെ ഗുരുതര വീഴ്ച. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലാണ് സംഭവം. ശസ്ത്രക്രിയക്കിടെ ഉണ്ടായ കൈപ്പിഴ കാരണം   പഞ്ഞി ഉൾപ്പെടെ സാധനങ്ങൾ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടി. വലിയതുറ സ്വദേശിനിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. സംഭവത്തിൽ  യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആന്തരികാവയവങ്ങളിൽ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ  എസ്എടി ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കാരണം നടക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് യുവതി. എന്നാൽ സംഭവത്തിൽ പരാതി കിട്ടിയിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വാദം.


വലിയതുറ സ്വദേശി 22 വയസുള്ള അൽഫിന അലി രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിയത്. സിസേറിയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വേദനക്ക് കുറവില്ലാതെ വന്നതോടെ ഡോക്ടറെ കണ്ടെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തി ഒരാഴ്ച  കഴിഞ്ഞിട്ടും വേദനക്ക് കുറവൊന്നുമുണ്ടായില്ല.  എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത അവസ്ഥയായതിനെ തുടർന്ന്  തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സക്കെത്തുകയും ഡോക്ടറുടെ നിർദ്ദേശ പ്രകാരം  സ്കാനിങ്ങിന് നടത്തുകയും ചെയ്തു. സ്കാനിങ്ങിൽ  വയറിനുള്ളിൽ പഞ്ഞിക്കെട്ട് കണ്ടെത്തി. തുടർന്ന് എസ്എടി ആശുപത്രിലെത്തിച്ചപ്പോൾ അണുബാധ ഉണ്ടായതിനാൽ  അടിയന്തര ശസ്ത്രക്രിയ വേണമെന്ന ഡോക്ടറുടെ നിർദ്ദേശ പ്രകാരം  ആദ്യം കീ ഹോൾ സർജറി ചെയ്തു എന്നാൽ അതും ഫലം കാണാതെ വന്നതോടെ വയറു കീറി വീണ്ടു സർജറി ചെയ്യുകയും പഞ്ഞിക്കെട്ട് പുറത്തെടുക്കുകയും ചെയ്തു.  തൈക്കാട് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയ  ഡോക്ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങൾ അറിയിച്ചെങ്കിലും തെളിവുമായി വരാനായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. 19 ദിവസത്തിനിടെ മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയയായി ആരോഗ്യം മോശമായ അൽഫിനക്ക് ഇപ്പോൾ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടാണ്. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം എണ്ണി തിരിച്ചെടുക്കാറുണ്ടെന്നും ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വിശദീകരണം. 

Post Top Ad