സന്ദർശകരെ സ്വാഗതമരുളി മ്യൂസിയവും മൃഗശാലയും - EC Online TV

Breaking

Post Top Ad


2020, നവംബർ 3, ചൊവ്വാഴ്ച

സന്ദർശകരെ സ്വാഗതമരുളി മ്യൂസിയവും മൃഗശാലയും


7 മാസത്തിനുശേഷം സന്ദർശകരെ സ്വാഗതമരുളി  മ്യൂസിയവും മൃഗശാലയും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചൊവ്വാഴ്ച മുതൽ പ്രവേശനം അനുവദിക്കും. കുട്ടികൾക്കും പ്രായമായവർക്കും സന്ദർശനത്തിന് വിലക്കുണ്ടാവില്ല. ചിൽഡ്രൻസ് പാർക്കും 3-ഡി തിയേറ്ററും താത്‌കാലികമായി തുറക്കില്ലെന്നും മ്യൂസിയം മൃഗശാല ഡയറക്ടർ എസ്.അബു അറിയിച്ചു. നേപ്പിയർ മ്യൂസിയത്തിൽ 26 പേർക്കും ആർട്ട് ഗാലറിയിൽ 20 പേർക്കുമാണ് ഒരേസമയം പ്രവേശനം. മൃഗശാലയിൽ സന്ദർശകരുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ലെങ്കിലും നിയന്ത്രണങ്ങളുണ്ടാകും.


മ്യൂസിയത്തിലും പരിസരങ്ങളിലും സ്പർശിക്കുന്നത് ഒഴിവാക്കുന്നതു സംബന്ധിച്ച് പ്രവേശനകവാടത്തിൽ നിർദേശങ്ങൾ നൽകും. കൂടാതെ വിവിധയിടങ്ങളിലായി സാനിെറ്റെസിങ്‌ മെഷീനുകളും സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ഗൈഡിങ് സമ്പ്രദായം താത്‌കാലികമായി നിർത്തിവെക്കും. മ്യൂസിയംവളപ്പിൽ പ്രഭാത, സായാഹ്ന നടത്തത്തിനും അനുമതി നൽകി. മാനദണ്ഡങ്ങൾ പാലിച്ച് പുലർച്ചെ 4.45 മുതൽ രാത്രി പത്തുവരെയാണ് അനുമതി.


പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധിച്ചശേഷമായിരിക്കും സന്ദർശകരെ അകത്തേക്കു കടത്തിവിടുക. കൂടാതെ പേര്, മൊബൈൽ നമ്പർ എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തണം.


സന്ദർശകർ മാസ്‌ക് ധരിക്കുന്നുവെന്നും സാമൂഹികാകലം പാലിക്കുന്നുവെന്നും ജീവനക്കാർ ഉറപ്പുവരുത്തും. മ്യൂസിയവും മൃഗശാലയും പരിസര പ്രദേശങ്ങളും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കും. സന്ദർശകർ എത്തിയശേഷം പ്രായോഗികതകൾ കണക്കിലെടുത്താകും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോയെന്ന് തീരുമാനിക്കുകയെന്നും അധികൃതർ അറിയിച്ചു.


കോവിഡ് വ്യാപനം രൂക്ഷമായതോടെ മാർച്ച് 12-നാണ് മൃഗശാലയിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും സന്ദർശകരില്ലാതെ ഇത്രയധികം ദിവസം അടഞ്ഞുകിടക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad