പ്രചാരണത്തിന് ‘പണിമുടക്കില്ല’ - EC Online TV

Breaking

Post Top Ad


2020, നവംബർ 26, വ്യാഴാഴ്‌ച

പ്രചാരണത്തിന് ‘പണിമുടക്കില്ല’


അഖിലേന്ത്യ പണിമുടക്ക് ദിനത്തിൽ ‘പണിമുടക്കി’ല്ലാതെ തിരഞ്ഞെടുപ്പ് പ്രവർത്തനം ​ഇന്നും മുന്നേറും. ഇന്ന്  ഊർജിതമായ രീതിയിൽ പ്രചാരണപ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ് മൂന്നു മുന്നണികളുടെയും തീരുമാനം. പ്രചാരണം രണ്ടാംഘട്ടത്തിലേക്കു പ്രവേശിച്ചയുടൻ കിട്ടിയ ‘അപ്രതീക്ഷിത അവധി’ദിനം പരമാവധി മുതലെടുക്കാനാണ് സ്ഥാനാർഥികളുടെയും ഉദ്ദേശം. കൂടുതൽ ജനങ്ങളെ നേരിൽക്കണ്ട് വോട്ടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച ഭവനസമ്പർക്കത്തിനിറങ്ങുമെന്നും അവർ ഒരേസ്വരത്തിൽ പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സന്ദർശനങ്ങളെന്നും സ്ഥാനാർഥികൾ ഉറപ്പുപറയുന്നു. സാമൂഹികമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനും വ്യാഴാഴ്ച കൂടുതൽ പ്രാധാന്യം നൽകും. ഇതിനുള്ള നിർദേശങ്ങൾ അതത് പാർട്ടികളുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽനിന്നും നൽകിക്കഴിഞ്ഞു.

നേതാക്കന്മാരെയും കൂട്ടിയുള്ള സന്ദർശനങ്ങൾക്കും സ്ഥാനാർഥികൾ പണിമുടക്ക് ദിനം പദ്ധതി തയ്യാറാക്കുന്നുണ്ട്. അതത് പാർട്ടികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമായിരിക്കും പ്രവർത്തനങ്ങൾ. പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ സ്ഥാനാർഥികൾ ആദ്യഘട്ട ഭവനസന്ദർശനം പൂർത്തിയാക്കിക്കഴിഞ്ഞു. ജില്ലാപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മാത്രമാണ് ആദ്യഘട്ട ഭവനസന്ദർശനം ഇപ്പോഴും നടക്കുന്നത്. വരുംദിവസങ്ങളിൽ ഇവരും രണ്ടാംഘട്ടപ്രചാരണം ആരംഭിക്കും. അതുപോലെ, വാർഡ് കൺവെൻഷൻ, ബൂത്ത് കൺവെൻഷൻ, കുടുംബയോഗങ്ങൾ എന്നിവയും പൂർത്തിയാക്കിക്കഴിഞ്ഞു.തൊഴിലാളി യൂണിയൻ നേതാക്കളായവരും മത്സരംഗത്തുണ്ട്. ഇവർക്ക് പലയിടങ്ങളിലും പണിമുടക്കിനോടനുബന്ധിച്ച് കൺവെൻഷനുകളും ഉണ്ട്. കൺവെൻഷനിൽ പങ്കെടുത്തശേഷം ഭവനസന്ദർശനം തുടരാനാണ് യൂണിയൻ നേതാക്കളായ സ്ഥാനാർഥികളുടെ തീരുമാനം.

സാധാരണ ദിനങ്ങളിൽ 250 മുതൽ 300 വീടുകൾ വരെയാണ് ഓരോ പാർട്ടിക്കാരും കയറി വോട്ടുറപ്പിക്കുന്നത്. പണിമുടക്ക് ദിനം ഇതിലേറെ വീടുകളിൽ കയറും. അതുപോലെ രണ്ടും മൂന്നും സംഘങ്ങളായി തിരിഞ്ഞും തിരഞ്ഞെടുപ്പ് പ്രചാരണം വ്യാഴാഴ്ച സംഘടിപ്പിക്കാനാണ് തീരുമാനം. പണിമുടക്കായതിനാൽ എല്ലാവരും വീടുകളിൽ കാണുമെന്നുറപ്പാണ്. അതിനാൽ വ്യാഴാഴ്ച എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ച് പരമാവധിപേരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കുകയാണ് ഏവരുടെയും ലക്ഷ്യം.


കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നാലുപേർക്ക് മാത്രമേ ഭവനസന്ദർശനം നടത്താനാകൂ. ഇതിൽ സ്ഥാനാർഥിക്കും മറ്റൊരാൾക്കും മാത്രമേ വീടുകൾക്ക് അകത്തേക്ക് പ്രവേശനമുള്ളൂ. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടവും ഉറപ്പുവരുത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സ്‌ക്വാഡുകൾ ജില്ലയിൽ തലങ്ങും വിലങ്ങും സഞ്ചാരം തുടങ്ങിയിട്ടുണ്ട്

Post Top Ad