തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം ; പ്രചരണ വാഹനങ്ങള്‍ക്കു പെര്‍മിറ്റ് നിര്‍ബന്ധം ; ജില്ലാ കളക്ടര്‍ - EC Online TV

Breaking

Post Top Ad


2020, നവംബർ 17, ചൊവ്വാഴ്ച

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം ; പ്രചരണ വാഹനങ്ങള്‍ക്കു പെര്‍മിറ്റ് നിര്‍ബന്ധം ; ജില്ലാ കളക്ടര്‍

 


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തില്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ സ്ഥാനാര്‍ഥികള്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇരുചക്ര വാഹനമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതതു റിട്ടേണിങ് ഓഫിസര്‍മാരില്‍നിന്നുള്ള അനുമതി നിര്‍ബന്ധമായും വാങ്ങിയിരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.


തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്ന വാഹനത്തിന്റെ മുന്‍വശത്തു റിട്ടേണിങ് ഓഫിസര്‍ നല്‍കുന്ന പെര്‍മിറ്റ് പ്രദര്‍ശിപ്പിക്കണം.  ഒരു സ്ഥാനാര്‍ഥിയുടെ പേരില്‍ പെര്‍മിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാര്‍ഥി ഉപയോഗിക്കാൻ പാടില്ല.പ്രചരണത്തിനായി പെര്‍മിറ്റ് ഇല്ലാത്ത വാഹനം ഉപയോഗിച്ചാല്‍ നടപടിയെടുക്കും.  കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ  പാലിച്ചായിരിക്കണം വാഹന പ്രചരണമെന്നും കളക്ടര്‍ നിർദ്ദേശിച്ചു. പോലീസ് അനുമതിയോടെ മാത്രമേ ഉച്ചഭാഷിണി ഉപയോഗിച്ചുകൊണ്ടുള്ള പ്രചരണം നടത്താവൂ.  രാത്രി 10  മണി  മുതല്‍ രാവിലെ 6 മണി വരെയുള്ള സമയം ഉച്ചഭാഷണി ഉപയോഗിക്കാൻ പാടില്ല.  ഈ സമയങ്ങളിൽ പൊതുയോഗം, ജാഥ തുടങ്ങിയവയ്ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 


സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും പ്രചരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുവരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണം.  ഇത് അതതു വരണാധികാരിയുടേയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുന്‍പാകെ മൂന്നു ദിവസത്തിനകം ഹാജരാക്കണം.  വിദ്യാഭ്യാസ സ്ഥാപനങ്ങളോ അവയുടെ കളിസ്ഥലമോ തെരഞ്ഞെടുപ്പ് റാലിക്കോ മറ്റു പ്രചരണ പരിപാടികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല.  പൊതുസ്ഥലത്തു പ്രചരണ സാമഗ്രികള്‍ സ്ഥാപിക്കുമ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും കളക്ടര്‍ അറിയിച്ചു. 

Post Top Ad