തദ്ദേശ തെരഞ്ഞെടുപ്പ് ; ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ ജില്ലയിൽ 'സ്പെഷ്യൽ ഡ്രൈവ്' - EC Online TV

Breaking

Post Top Ad


2020, നവംബർ 24, ചൊവ്വാഴ്ച

തദ്ദേശ തെരഞ്ഞെടുപ്പ് ; ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ ജില്ലയിൽ 'സ്പെഷ്യൽ ഡ്രൈവ്'

 


തദ്ദേശ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിൽ ലഹരി വസ്തുക്കളുടെ അനധികൃത വിൽപ്പനയും ഉപയോഗവും തടയാൻ സ്പെഷ്യൽ ഡ്രൈവ് ആരംഭിക്കുന്നു. പൊലീസ്, നാർകോട്ടിക്സ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും കർശന പരിശോധനയും നിരീക്ഷണവും ആരംഭിക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.  എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ കൺട്രോൾ റൂം ബുധനാഴ്ച  (നവംബർ 25) ആരംഭിക്കും.


 ജില്ലയുടെ ചെക്പോസ്റ്റുകളിൽ ലഹരി കടത്തു തടയാനായി  വിവിധ വിഭാഗങ്ങളുടെ സംയുക്ത സ്പെഷ്യൽ ഡ്രൈവ് ഉടൻ ആരംഭിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ കളക്ടർ അറിയിച്ചു. തീര മേഖലകളിൽ പരിശോധനയ്ക്ക് പൊലീസ്, എക്സൈസ്, നാർകോട്ടിക്സ് വകുപ്പുകൾ പ്രത്യേക ടീം രൂപീകരിക്കും. മലയോര മേഖലകളിൽ വനംവകുപ്പുമായി ആലോചിച്ചു പരിശോധനകൾ നടത്തും. റെയിൽവേ സ്റ്റേഷനുകളിലെ പരിശോധനയ്ക്കു റെയിൽവേ സംരക്ഷണ സേനയുമായി ചേർന്നു പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്നും കളക്ടർ വ്യക്തമാക്കി.


ലഹരി മരുന്നു വിൽപ്പന തടയാനായി ജില്ലയിൽ നിലവിൽ ഒമ്പതു സ്‌ക്വാഡുകൾ റേഞ്ച് അടിസ്ഥാനത്തിൽ  പ്രവർത്തിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.വി. ഏലിയാസ് പറഞ്ഞു.    ജില്ലയിലെ 15 മൈനർ ചെക്പോസ്റ്റുകളിൽ പരിശോധന ഉറപ്പാക്കി. രണ്ടു മേജർ ചെക്പോസ്റ്റുകളിൽ ആർടിഒയുടെ സഹായത്തോടെ 24 മണിക്കൂറും പരിശോധന നടക്കുന്നു. രാത്രികാല പട്രോളിങ്ങിന് രണ്ടു സ്ട്രൈക്കിങ് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


യോഗത്തിൽ എ.ഡി.എം.  വി.ആർ. വിനോദ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, നാർകോട്ടിക്സ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ ഷീൻ തറയിൽ, ഡിവൈ.എസ്.പി. വി.എസ്. ദിനരാജ്, എക്സൈസ് ഡിവിഷണൽ ഓഫിസ് സി.ഇ.ഒ. ആർ. അജിത് എന്നിവർ  പങ്കെടുത്തു.

Post Top Ad