നഴ്സുമാര്‍ക്ക് അനുവദിച്ചിരുന്ന കൊവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു വിഭാഗം നഴ്സുമാര്‍ ഇന്ന് ഒരു മണിക്കൂര്‍ പണിമുടക്കി. രാവിലെ 8.30 മുതൽ 9.30 വരെയാണ് ഡ്യൂട്ടി ബഹിഷ്കരിച്ചത്. അത്യാഹിത വിഭാഗത്തെ ഒഴിവാക്കി കൊണ്ടായിരുന്നു നഴ്സസ് യൂണിയന്റെ നേതൃത്വത്തിലുള്ള പണിമുടക്ക്. ഡ്യൂട്ടിക്ക് ശേഷം കൃത്യമായ അവധി അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. ഏഴ് ദിവസം തുടര്‍ച്ചയായി ജോലി ചെയ്യുന്ന നഴ്സുമാര്‍ നൈറ്റ് ഡ്യൂട്ടി ഓഫിന് ശേഷം വീണ്ടും ജോലിക്ക് കയറേണ്ട അവസ്ഥയാണിപ്പോൾ. ഏഴ് ദിവസത്തെ ജോലിക്ക് ശേഷം മൂന്ന് ദിവസത്തെ അവധി വേണമെന്നാണ് നഴ്സുമാരുടെ ആവശ്യം. മറ്റു മെഡിക്കൽ കോളേജുകളിൽ ഡ്യൂട്ടി ലീവ് ലഭിക്കുന്നുണ്ടെന്നും, തിരുവനന്തപുരത്ത് മാത്രമാണ് ഇത് ഒഴിവാക്കിയതെന്നും സമരക്കാർ ആരോപിക്കുന്നു. കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരുന്നു സമരം.
കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് അധികൃതരുമായി ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് ഡ്യൂട്ടി ഇടുന്നതെന്നും കൊവിഡ് ഡ്യൂട്ടിയില്‍ നിന്നൊഴിവായി നിൽക്കുന്ന നഴ്സുമാര്‍ ഡ്യൂട്ടി എടുക്കാൻ തയാറായാൽ അവധി അനുവദിക്കാമെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു.