തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാനുള്ള മാർഗനിർദ്ദേശമായി. വോട്ടെടുപ്പിന് 10 ദിവസം മുന്‍പ് വരെ ആരോഗ്യ വകുപ്പിന്റെ പട്ടികയിലുള്ളവര്‍ക്കും വോട്ടെടുപ്പിന് തലേ ദിവസം 3 മണി വരെ കോവിഡ് പോസിറ്റീവാകുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാമെന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുള്ളത്. ഈ പട്ടികയില്‍ പേര് വന്നാല്‍ രോഗം മാറിയാലും തപാല്‍ വോട്ട് ചെയ്യാം. 10 ദിവസം മുന്‍പ് ഇതിനായുള്ള നടപടി ക്രമങ്ങള്‍ തുടങ്ങും. രോഗം മൂലം മറ്റ് ജില്ലകളില്‍ കുടുങ്ങിപ്പോയവര്‍ക്കും തപാല്‍ വോട്ടിന് അപേക്ഷിക്കാവുന്നതാണ്.
തദേശ തെരഞ്ഞെടുപ്പിന് നേരിട്ടെത്തി വോട്ട് ചെയ്യുന്ന കോവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും പോളിംഗ് ബൂത്തിലേക്കുള്ള യാത്രക്കിടെ വഴിയിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഇക്കാര്യം നിരീക്ഷിക്കാൻ പ്രേത്യേക സംഘത്തെ നിയോഗിക്കും. വഴിയിൽ ഇറങ്ങിയാൽ നടപടിയുണ്ടാകും. വോട്ടെടുപ്പിന് തലേദിവസം ഉച്ചക്ക് മൂന്നു മണിക്ക് ശേഷം കോവിഡ് പോസിറ്റീവാകുന്നവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ടെടുപ്പിന്റെ അവസാനത്തെ ഒരു മണിക്കൂർ നേരിട്ടെത്തി വോട്ട് ചെയ്യാൻ കഴിയും. ഈ സമയത്ത് ബൂത്തിനുള്ളിൽ ഉള്ളവർ പി പി ഇ കിറ്റ് ധരിക്കണം. വോട്ട് രേഖപ്പെടുത്തുമ്പോൾ കയ്യുറ ധരിക്കുകയും ഒപ്പിടാൻ വെവ്വേറെ പേന ഉപയോഗിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.