ആറ്റിങ്ങൽ: നഗരത്തിലെ 10 പച്ചത്തുരുത്തുകളിൽ ഏറ്റവും നല്ല പച്ചത്തുരുത്തിന് ഗവ. ഐ.റ്റി.ഐ അർഹമായി. ഏകദേശം 40 സെന്റ് ഭൂമിയിലാണ് മനോഹരമായ പച്ചത്തുരുത്ത് നിർമ്മിച്ചിരിക്കുന്നത്. പട്ടണത്തിലെ പത്ത് പച്ചത്തുരുത്തുകളെയും ഹരിത കേരള മിഷൻ മാപ്പത്തോണിൽ രേഖപ്പെടുത്തുകയും തുടർന്ന് മിഷന്റെ സെലക്ഷൻ കമ്മിറ്റിയും, നഗരസഭ അധികൃതരും സ്ഥലത്തെത്തി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗവ. ഐ.റ്റി.ഐയെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലായി 3 ഏക്കറോളം സ്ഥലത്താണ് പച്ചത്തുരുത്ത് നിർമ്മിച്ചിട്ടുള്ളത്. കൂടാതെ 11-ാം പച്ചത്തുരുത്ത് നിർമ്മാണം നാളെ രാവിലെ വാർഡ് 22 വിളയിൽ മൂല ചന്തയിലെ 2 സെന്റ് സ്ഥലത്ത് ആരംഭിക്കും. ഔഷധ സസ്യ തോട്ടമാണ് രണ്ട് സെന്റിൽ നാളെ ഒരുങ്ങുന്നത്. പച്ചപ്പുകൾ നിർമ്മിക്കുന്നതോടൊപ്പം അത് പരിപാലിക്കുന്നതിനും നാം ഒരോരുത്തരും ശ്രദ്ധ പുലർത്തണമെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
ഏറ്റവും നല്ല പച്ചത്തുരുത്തിനുള്ള പ്രശസ്തി പത്രം നഗരസഭ ചെയർമാൻ എം.പ്രദീപ് പ്രിൻസിപ്പൽ ആർ. സുധാശങ്കറിന് കൈമാറി. വൈസ് പ്രിൻസിപ്പൽ വി. സജീവ്, സീനിയർ സൂപ്രണ്ട് കെ.എൽ. ജോജോ, സ്റ്റാഫ് സെക്രട്ടറി എ.കെ.സാജിദ്, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ എൻ. റസീന, നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് ഓവർസിയർമാരായ ചിന്നു, സ്മിത, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.