തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ തിരിച്ചറിയാൻ പേരിനോടൊപ്പം കൂട്ടിച്ചേർക്കലുകൾ നടത്താൻ അവസരം. ഒരേ വാർഡിലോ നിയോജക മണ്ഡലത്തിലോ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാർത്ഥികളെയും നാട്ടിൽ മറ്റ് പേരുകളിൽ അറിയപ്പെടുന്നവരെയും വോട്ടർമാർക്ക് തിരിച്ചറിയാൻ നാമനിർദ്ദേശ പത്രികയിൽ നൽകിയ പേരിനൊപ്പമോ പേരിന് മുന്നിലോ, പിന്നിലോ കൂട്ടിച്ചേർക്കലുകൾ നടത്താനാണ് അവസരം നൽകിയിരിക്കുന്നത്. ഇതിനായി സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതിയായ നവംബർ 23 - ന് മുൻപ് വരണാധികാരിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. സ്ഥാനാർത്ഥിയുടെ പേരിന് മുന്നിൽ 'അഡ്വക്കേറ്റ്' (അഡ്വ.), 'ഡോക്ടർ' (ഡോ.) തുടങ്ങിയവ ചേർക്കുന്നതിനും അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ അംഗീകരിച്ചാൽ വോട്ടിംഗ് യന്ത്രത്തിലെ ലേബലുകളിലും ബാലറ്റ് പേപ്പറുകളിലും കൂട്ടിച്ചേർക്കലോടുകൂടിയ പേരാകും അച്ചടിച്ചുവരുന്നത്. നാമനിർദ്ദേശ പത്രികയിൽ നൽകിയിട്ടുള്ള പേരിൽ നിന്നും പൂർണമായും വ്യത്യസ്തമായ പേരാണ് ആവശ്യപ്പെടുന്നതെങ്കിൽ നാമനിർദ്ദേശ പത്രികയിൽ നൽകിയ പേര് നൽകിയതിന് ശേഷം പുതിയതായി ആവശ്യപ്പെട്ട പേര് ബ്രാക്കറ്റിൽ നൽകണം.