സംസഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബര്‍ 16 ന് നടക്കും. വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിൽ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. രാവിലെ എട്ടു മുതൽ വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശം നല്കി.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ ട്രെന്‍ഡ് വെബ്സൈറ്റ് (TREND) സജ്ജമായി. ബുധനാഴ്ച നടക്കുന്ന വോട്ടെണ്ണലിന്റെ പുരോഗതി കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെന്‍ഡ് വെബ്സൈറ്റില്‍ തത്സമയം അറിയാൻ കഴിയും. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധമാണ് സൈറ്റിന്റെ ക്രമീകരണം. ഓരോ തദ്ദേശ സ്ഥാപനത്തിലേയും വോട്ടെണ്ണല്‍ നില വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷന് അടിസ്ഥാനത്തിലും മനസിലാക്കാൻ കഴിയും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് (എന്‍.ഐ.സി) ട്രെന്‍ഡ് വെബ്സൈറ്റ് തയ്യാറാക്കിയത്.
244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത് . തിരുവനന്തപുരം- 16, കൊല്ലം- 16, പത്തനംതിട്ട- 12, ആലപ്പുഴ- 18, കോട്ടയം- 17, ഇടുക്കി- 10, എറണാകുളം- 28, തൃശൂര്‍- 24, പാലക്കാട്- 20, മലപ്പുറം- 27, കോഴിക്കോട്- 20, വയനാട്- 7, കണ്ണൂര്‍- 20, കാസര്‍ഗോഡ്- 9 എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളിലാണ് എണ്ണുന്നത്. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടായിരിക്കും .
കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഡിസംബര്‍ 15 അണുവിമുക്തമാക്കും. കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്കും ഫേസ് ഷീല്‍ഡും ധരിക്കേണ്ടതാണ്. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത്.