എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 17, വ്യാഴാഴ്‌ച

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍




സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താൻ ഇന്ന് കൂടിയ ഉന്നതതല യോഗം തീരുമാനിച്ചു. എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് ചേർന്ന  ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചത്. 


പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദൂരീകരണവും ജനുവരി ഒന്നു മുതല്‍ സ്കൂള്‍തലത്തില്‍ നടത്തുന്നതിനുള്ള   ക്രമീകരണങ്ങളും ഉടൻ തന്നെ പൂർത്തിയാക്കും. സ്കൂള്‍തലത്തില്‍  മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും  നടത്തുന്നതായിരിക്കും. ഇതിനായി  10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്കൂളില്‍ പോകാവുന്നതാണ്. 


കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍  ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി നടക്കുന്ന സ്കൂൾ, ഹയര്‍സെക്കന്‍ററി തലത്തിലെ എല്ലാ ക്ലാസുകളും    ഈ നിലയില്‍ തുടരും. ജനുവരി ആദ്യം മുതല്‍  കോളേജ് തലത്തില്‍ അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ആരംഭിക്കും. അൻപത് ശതമാനം വിദ്യാര്‍ത്ഥികളെ വെച്ചാണ് ക്ലാസുകള്‍ നടത്തുന്നത്. കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്‌ളാസ്സുകളുടെ ക്രമീകരണം. 


വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് അനുസരിച്ച്  പരിമിതപ്പെടുത്തി  കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകള്‍ ജനുവരി ആദ്യം മുതൽ  ആരംഭിക്കാനും  മെഡിക്കല്‍ കോളേജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി. 


മന്ത്രിമാരായ കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്‍, വി.എസ്. സുനില്‍കുമാര്‍, ജെ. മേഴ്സിക്കുട്ടിയമ്മ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Post Top Ad