തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 17, വ്യാഴാഴ്‌ച

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന്

 



തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. ഡിസംബർ 21 ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത് അംഗങ്ങൾ അധികാരമേൽക്കണമെന്നാണ് കമ്മീഷന്റെ തീരുമാനം.


കോർപ്പറേഷനുകളിൽ ജില്ലാ കളക്ടർമാർക്കും മുനിസിപ്പൽ കൗൺസിലുകളിൽ കമ്മീഷൻ നിയോഗിച്ചിട്ടുള്ള വരണാധികാരികൾക്കുമാണ് പ്രതിജ്ഞ ചെയ്യിപ്പിക്കേണ്ട ചുമതല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്.


തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും പ്രതിജ്ഞ എടുക്കാൻ രേഖാമൂലം അറിയിപ്പ് നൽകുന്നതായിരിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ അംഗം/കൗൺസിലർ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ എടുക്കേണ്ടതുണ്ട്. ഇദ്ദേഹമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കുക. രാവിലെ 10ന് ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിലും 11.30ന് കോർപ്പറേഷനുകളിലും സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കും. 


ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും ബ്ലോക്ക് പഞ്ചായത്തുകളിൽ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണർമാരും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തുകളിൽ ജില്ലാ കളക്ടർമാരുമാണ് ചടങ്ങുകൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നത് . അതാത് ജില്ലകളിലെ  കളക്ടർമാരായിരിക്കും ചടങ്ങുകൾ ഏകോപിപ്പിച്ച് നടത്തുന്നതിന്ടെ  പൊതു മേൽനോട്ടം വഹിക്കുന്നത്. 


ചടങ്ങ് കഴിഞ്ഞാലുടൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരേണ്ടതാണ്. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും  കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുകയും വേണം.

  

Post Top Ad