തിരുവനന്തപുരം- കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് 2000, 500, 200 രൂപയുടെ കള്ളനോട്ടുകൾ വിതരണം നടത്തിയ മൂന്നംഗ സംഘത്തെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. മേൽതോന്നയ്ക്കൽ പാട്ടത്തിൽ മുറിയിൽ ആബിദാ മൻസിലിൽ നിന്നു കാട്ടായിക്കോണം മേലേവിള വിജയാനിവാസിൽ വാടകയ്ക്ക് താമസിക്കുന്ന ആഷിക് തോന്നയ്ക്കൽ എന്ന ആഷിക് ഹുസൈൻ(35), മേൽതോന്നയ്ക്കൽ കൊയ്ത്തൂർക്കോണം കുന്നുകാട് ഷംനാദ് മൻസിലിൽ നിന്നു വർക്കല രാമന്തളി സബീനാ മൻസിലിൽ താമസിക്കുന്ന മമ്മു എന്ന മുഹമ്മദ് ഹനീഫാ(23), അയിരൂർ വില്ലിക്കടവ് പാലത്തിന് സമീപം ശ്രീനിലയം വീട്ടിൽ അച്ചു ശ്രീകുമാർ(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 7.75 ലക്ഷത്തിന് തുല്യമായ വ്യാജ നോട്ടുകളും നിർമിക്കാൻ ഉപയോഗിച്ച പ്രിന്റർ, മഷി, ഹോളോഗ്രാം, വാട്ടർമാർക്കുകൾ എന്നിവയും ഇവരിൽ നിന്നും കണ്ടെടുത്തു.
40,000 രൂപയ്ക്കു ഒരു ലക്ഷം രൂപ കള്ളനോട്ട് എന്ന നിരക്കിലാണ് വിനിമയം നടത്തി വന്നത്. വർക്കല ബീച്ചിലെ കച്ചവട സ്ഥാപനങ്ങളിൽ രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ പ്രചരിക്കുന്നതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മുഹമ്മദ് ഹനീഫ, അച്ചു എന്നിവരെ വർക്കല ക്ലിഫിൽ റിസോർട്ടിൽ നിന്നും പിടികൂടി. രണ്ടായിരം രൂപയുടെ കള്ളനോട്ട് ഇവരിൽ നിന്നും പിടിച്ചെടുത്തു. തുടർന്നുള്ള അന്വേഷണത്തിലാണ് നോട്ട് നിർമിച്ചു വിതരണം ചെയ്ത ആഷിക്കിനെ പിടികൂടിയത്.
ആഷിക്ക് താമസിച്ചിരുന്ന കാട്ടായിക്കോണത്തെ വീട്ടിൽ നിന്നു 2000, 500, 200 രൂപ കള്ളനോട്ട് കെട്ടുകളും പോലീസ് കണ്ടെടുത്തു. മംഗലപുരം, ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ആഷിക്. സമൂഹമാധ്യമങ്ങളിൽ ജീവകാരുണ്യ പ്രവർത്തകനായി അറിയപ്പെടുന്ന ആഷിക് പലർക്കും വ്യാജ നോട്ടുകൾ വിതരണം ചെയ്തതായി തെളിഞ്ഞു. അറസ്റ്റിലായ മുഹമ്മദ് ഹനീഫ, അച്ചു എന്നിവർക്ക് വർക്കല, അയിരൂർ പൊലീസ് സ്റ്റേഷനുകളിൽ മോഷണത്തിനും കഞ്ചാവ് കടത്തിനും കേസുകൾ നിലവിലുണ്ട്. റൂറൽ പൊലീസ് മേധാവി ബി.അശോകന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ.സുരേഷ്, വർക്കല എസ്എച്ച്ഒ ജി.ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.