88-ാമത് ശിവഗിരി തീർത്ഥാടനത്തിന്‌ കൊടിയേറി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 30, ബുധനാഴ്‌ച

88-ാമത് ശിവഗിരി തീർത്ഥാടനത്തിന്‌ കൊടിയേറി

 


88-ാമത് ശിവഗിരി തീർത്ഥാടനത്തിനു കൊടിയേറി. ഇന്ന് വെളുപ്പിന് ശാരദാമഠത്തിലും മഹാസമാധിയിലും സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ നടന്ന  പ്രത്യേക പൂജകൾക്കുശേഷം ഏഴു മണിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമ്മപതാക ഉയർത്തി. ജനുവരി ഒന്നുവരെ തീർത്ഥാടനത്തിലെ സുപ്രധാന ദിവസങ്ങളാണ്.  കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ തീർത്ഥാടനം വെർച്വലാണ്. മുൻകൂട്ടി ബുക്കു ചെയ്ത ആയിരം പേർക്കാണ് ദിവസേന  ദർശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‍തമായി കോവിഡ് സാഹചര്യം കണക്കിലെടുത്ത് അന്നദാനവും താമസസൗകര്യവും ഉണ്ടാവില്ല. തീർത്ഥാടക പ്രവാഹത്തിന് നിയന്ത്രണമുളളതിനാൽ ഗുരുവരുൾ പ്രകാരമുള്ള തീർത്ഥാടന സമ്മേളനങ്ങൾ ക്രിസ്തുമസ് ദിനം  മുതൽ ഓൺലൈനായി നടന്നുവരികയാണ്. ശിവഗിരി ടി.വി യൂട്യൂബ് ചാനൽ വഴി ലോകമെമ്പാടുമുളള ഭക്തജനങ്ങൾ സമ്മേളനങ്ങളിൽ പങ്കുകൊണ്ടു. അതുവഴി, ആഗോള ഓൺലൈൻ തീർത്ഥാടനമായും വിശേഷിപ്പിക്കപ്പെട്ടു. മഠത്തിലെ പ്രധാനപ്പെട്ട പൂജകളും കൊടിയേറ്റും പുതുവത്സരപൂജയും പ്രതിമാപ്രതിഷ്ഠാ വാർഷികപൂജയുമെല്ലാം തത്സമയം ശിവഗിരി ടി.വി വഴി സംപ്രേഷണം ചെയ്യുന്നതാണ്. ഇന്നലെ വൈകിട്ട് കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്നു ധർമ്മപതാകയും ചേ‌ർത്തല കളവംകോട് ക്ഷേത്രത്തിൽ നിന്നു കൊടിക്കയറും എത്തിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ധർമ്മപതാകയും കൊടിക്കയറും സ്വീകരിച്ചു.
Post Top Ad