സംസ്ഥാനത്ത് പുതിയ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുകയും സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സൗജന്യ കിറ്റ് വിതരണം നീട്ടുകയും ചെയ്തിട്ടുണ്ട്. അടുത്ത മാസം മുതൽ ക്ഷേമ പെൻഷൻ 100 രൂപ വർധിപ്പിച്ച് 1500 രൂപ വീതം വിതരണം ചെയ്യും. ലോക്ഡൗണിനെ തുടര്‍ന്ന് ക്ഷാമബത്തയായി നല്കി വന്നിരുന്ന സൗജന്യകിറ്റ് വിതരണം നാലു മാസത്തേക്ക് നീട്ടുകയും ചെയ്തു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒട്ടുമിക്ക കാര്യങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ഏതാനും കുറച്ചു കാര്യങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് ചുരുങ്ങിയ മാസത്തിനുള്ളില്‍ അക്കാര്യവും പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സമ്മാനിക്കാന്‍ കാരണമായത് ക്ഷേമ പദ്ധതികളാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
ഇത്തവണ അതിജീവനത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്മസ്, ന്യുഇയര്‍ ആഘോഷങ്ങള്‍ വരുന്നതെന്നും അതുകൊണ്ട് 2020 ല്‍ ക്രിസ്മസ് സന്ദേശത്തിന് പ്രസക്തിയുണ്ട്. രോഗം പകരാത്ത വിധം ആള്‍ക്കൂട്ടം ഒഴിവാക്കിയും സാമൂഹ്യ അകലം പാലിച്ചും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചും വേണം ആഘോഷങ്ങള്‍ നടത്തേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശാസ്ത്രലോകം തയ്യാറാക്കുന്ന മരുന്നിലൂടെ രക്ഷ ഉറപ്പാക്കാവുന്ന പ്രത്യാശയിലാണ് ഈ ക്രിസ്മസ് കടന്നു വരുന്നത്. പുതുവര്‍ഷം മഹാമാരിയില്‍ നിന്നുള്ള വിടുതലിന്റേതാകുമെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു.