ഐ എം എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ നാളെ രാജ്യ വ്യാപകമായി പണിമുടക്കും. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഐ എം എയുടെ നേതൃത്വത്തില്‍ മോഡേണ്‍ മെഡിസിന് ഡോക്ടര്‍മാര്‍ നാളെ രാജ്യ വ്യാപകമായി പണിമുടക്കുന്നത്. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കി കൊണ്ടാണ് നാളത്തെ സമരം നടക്കുന്നത്. ഐഎംഎയുടെ നീക്കം തടയാൻ ആയുര്‍വേദ അസോസിയേഷൻ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്കി.
രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് സമരം. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളൊന്നും ചെയ്യില്ല. കൊവിഡ് ആശുപത്രികളിൽ ഡോക്ടർമാരുടെ സേവനമുണ്ടാകും. സ്വകാര്യ പ്രാക്റ്റീസ് ഉൾപ്പടെ ഒപി പ്രവര്‍ത്തിക്കില്ല. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ സേവനം ലഭിക്കും. നാളത്തെ പണിമുടക്ക് കിടത്തി ചികിത്സയെ ബാധിക്കില്ല. നാളത്തെ സൂചന പണിമുടക്കില്‍ ഫലം കണ്ടില്ലെങ്കില്‍ കൂടുതൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
സൂചന സമരം കാരണം മോഡേണ്‍ മെഡിസിൻ ചികില്‍സ കിട്ടാത്ത രോഗികളെ സഹായിക്കുന്നതിനായി ആയുര്‍വേദ ഡോക്ടര്‍മാര്‍ രംഗത്തുണ്ട്. നാളെ പരിശോധന സമയം കൂട്ടി സമരത്തെ നേരിടാനാണ് തീരുമാനമെടുത്തിരിക്കുന്നത്.. ശല്യ തന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകള്‍ നടത്താണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയത്.