തദ്ദേശ തെരഞ്ഞെടുപ്പ് ; ഇന്ന് കാൻഡിഡേറ്റ് സെറ്റിങ് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 4, വെള്ളിയാഴ്‌ച

തദ്ദേശ തെരഞ്ഞെടുപ്പ് ; ഇന്ന് കാൻഡിഡേറ്റ് സെറ്റിങ്

 


തദ്ദേശ തെരഞ്ഞെടുപ്പിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്ന കാൻഡിഡേറ്റ് സെറ്റിങ് ഇന്നു (ഡിസംബർ 04 ) നടക്കും. വരണാധികാരികളുടെ ഓഫീസുകളിൽ സ്ഥാനാർഥികളുടേയും പ്രതിനിധികളുടേയും സാന്നിധ്യത്തിലാണു കാൻഡിഡേറ്റ് സെറ്റിങ് നടക്കുന്നത്. 


ത്രിതല പഞ്ചായത്തുകളിൽ ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്. ഗ്രാമ പഞ്ചായത്തിൽ വെള്ളയും ബ്ലോക്ക് പഞ്ചായത്തിൽ പിങ്കും ജില്ലാ പഞ്ചായത്തിൽ ഇളം നീലയും നിറത്തിലുള്ള ബാലറ്റ് ലേബലുകളാണു പതിക്കുന്നത്. മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം 15-ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമത് ഒരു ബാലറ്റ് യൂണിറ്റ് കൂടി ഉപയോഗിക്കും. കാൻഡിഡേറ്റ് സെറ്റിങ്ങിനു ശേഷം കുറച്ചു മെഷീനുകളിൽ മോക് പോൾ ചെയ്യുന്നതിന്റെ  ഫലം സ്ഥാനാർഥികളെ കാണിച്ചു പ്രാഥമിക പരിശോധന പൂർത്തിയാക്കി പിങ്ക് പേപ്പർ സീൽ ചുറ്റുകയും ചെയ്യും. 


കോവിഡിന്റെ പശ്ചാത്തലത്തിൽ കാൻഡിഡേറ്റ് സെറ്റിങ്ങിനും കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത ഖോസ അറിയിച്ചു. സ്ഥലസൗകര്യമുള്ളതും വായൂ സഞ്ചാരമുള്ളതുമായ ഹാളുകളാണ് കാൻഡിഡേറ്റ് സെറ്റിങ്ങിനായി  ഒരുക്കേണ്ടത്. ഈ ഹാളുകൾ എല്ലാം  ഇന്നലെ അണുവിമുക്തമാക്കുകയും ചെയ്തു.  ഒരു സ്ഥാനാർഥിക്ക് ഒരാൾ എന്ന നിലയിൽ  ഹാളിലേക്ക് പ്രവേശനം അനുവദിക്കും. പരമാവധി 30 പേർക്ക് മാത്രമേ  ഹാളിലേക്ക് പ്രവേശനാനുമതിയുള്ളൂ. സാമൂഹിക അകലം നിർബന്ധമാണെന്നും കളക്ടർ അറിയിച്ചു .


കാൻഡിഡേറ്റ് സെറ്റിങ് പൂർത്തിയാക്കി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വരണാധികാരികളുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ട്രോങ് റൂമുകളിൽ സൂക്ഷിക്കും. പോളിങ് സാമഗ്രികളുടെ വിതരണവും ഇവിടെ നിന്നുമാണ് നടക്കുന്നത്.  ജില്ലയിൽ ഇ.വി.എമ്മുകളുടേയും പോളിങ് സാമഗ്രികളുടേയും വിതരണം ഡിസംബർ ഏഴിന് നടക്കും. 


തിരുവനന്തപുരം കോർപ്പറേഷനിലെ 51 മുതൽ 75 വരെയുള്ള വാർഡുകളിലെ മത്സരിക്കുന്ന സ്ഥാനാർഥികൾക്കുള്ള കാൻഡിഡേറ്റ് സെറ്റിങ് ഇന്നു (04 ഡിസംബർ) രാവിലെ ഏഴു മുതൽ മാർ ഇവാനിയോസ് കോളജ് കോമ്പൗണ്ടിലെ സർവോദയ വിദ്യാലയയിൽ നടക്കുമെന്ന് വരണാധികാരികൂടിയായ സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസുകൾ വിതരണം ചെയ്യുന്നതാണ്. പാസില്ലാതെ ആരെയും കോമ്പൗണ്ടിനുള്ളിൽ   പ്രവേശിപ്പിക്കില്ലെന്നും സബ് കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി.



Post Top Ad