കോവിഡ് വാക്സിനേഷനു വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്ട്രേഷന് അന്തിമഘട്ടത്തിലായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. സ്വകാര്യ മേഖലയിൽ ഉള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർക്കും വിദ്യാർഥികൾക്കുമാണ് ആദ്യമായി വാക്സിൻ ലഭ്യമാക്കുക.സര്‍ക്കാര്‍ മേഖലയിലുൾപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലേയും സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ ജില്ലാതല രജിസ്ട്രേഷന് പൂര്‍ത്തിയാക്കി. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എത്രയും വേഗം രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വാക്സിനേഷനിൽ മോഡേണ്‍ മെഡിസിന്, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കും. 27,000ത്തോളം ആശ വർക്കർമാരും , മെഡിക്കല്‍, ദന്തല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാർഥികളും ഐ സി ഡി എസ്. അങ്കണവാടി ജീവനക്കാരും ഐ സി ഡി എസ്. ഉദ്യോഗസ്ഥരും ഇതില്‍ ഉൾപ്പെടും .സംസ്ഥാനത്തെ 33,000ത്തോളം അങ്കണവാടികളിലെ ജീവനക്കാരെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് .ഇവരുടെ രജിസ്ട്രേഷന് പൂർത്തിയാക്കുകയും ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കുകയും ചെയ്തു.
വാക്സിന് വിതരണത്തിനായി വലിയ മുന്നൊരുക്കമാണ് ആരോഗ്യ വകുപ്പ് നടത്തിയിട്ടുള്ളത്. ഇതിനായി സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസറേയും സ്റ്റേറ്റ് അഡ്മിനേയും ചുമതലപ്പെടുത്തി. സ്റ്റേറ്റ് നോഡല്‍ ഓഫീസറുടെ കീഴില്‍ എല്ലാ ജില്ലകളിലും ജില്ലാ നോഡല്‍ അതോറിറ്റി രൂപീകരിക്കുകയും ആയുഷ്, ഹോമിയോ, വിഭാഗങ്ങളില്‍ പ്രത്യേക നോഡല്‍ ഓഫീസർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു .രജിസ്ട്രേഷനായി ഒരു സ്റ്റാന്റേര്‍ഡ് ഡേറ്റ ഷീറ്റ് തയ്യാറാക്കി എല്ലാ ജില്ലകള്‍ക്കും നല്‍കിയിട്ടുണ്ട്. അവരാണ് സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഇത് അയച്ച് കൊടുക്കുന്നത്. അവര്‍ പൂരിപ്പിച്ച ഡേറ്റ ഷീറ്റ് തിരികെ ജില്ലാ നോഡല്‍ അതോറിറ്റിക്ക് അയച്ച് കൊടുക്കുന്നു. ജില്ല നോഡല്‍ അതോറിറ്റി നേരിട്ട് കേന്ദ്ര സര്‍ക്കാരിന്റെ സൈറ്റിലേക്ക് അപ് ലോഡ് ചെയ്യുന്നു. വാക്സിന് വരുന്ന മുറയ്ക്ക് ആദ്യം ലഭ്യമാക്കുക ഈ വിഭാഗത്തിനായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.