തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ് വ്യാപന സാധ്യത കൂടിയ സാഹചര്യത്തിൽ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി. ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ കേരളവും ജാഗ്രത പുലര്‍ത്തണം. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്തി തങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.
വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ കൂടാതെ ഇ-സഞ്ജീവനിയില്‍ കോവിഡ്-19 ക്ലിനിക്കുകളുടെ സേവനവും ലഭിക്കും. സൈക്യാട്രി, ശിശുരോഗവിഭാഗം, ഹൃദ്രോഗവിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപി സേവനങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നുണ്ട്. എംസിസി തലശേരി, ആര്‍സിസി തിരുവനന്തപുരം, കൊച്ചിന് കാന്‍സര്‍ സെന്റര്‍, ഇംഹാന്‍സ് കോഴിക്കോട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്സ് തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ പ്രശസ്തങ്ങളായ വിവിധ പൊതുമേഖല ആരോഗ്യ സ്ഥാപനങ്ങള്‍ ഒപികള്‍ ഇ-സഞ്ജീവനി വഴിയും ആരംഭിച്ചിട്ടുണ്ട്. 6 മിനിറ്റ് 49 സെക്കന്റ് സമയമാണ് ഒരു പരിശോധനക്കായി മാത്രം ശരാശരി ചെലവിടുന്നത്. കാത്തിരുപ്പ് സമയം 4 മിനിട്ട് 33 സെക്കന്റായി കുറക്കാന്‍ ഇ-സഞ്ജീവനിയില്‍ ഒരുക്കിയ പുതിയ സംവിധാനം സഹായിച്ചു. സാങ്കേതിക തികവുകൊണ്ടും അതോടൊപ്പം പ്രവര്‍ത്തന മികവുകൊണ്ടും ഇ-സഞ്ജീവനിയില്‍ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്.