തിരുവനന്തപുരം ശ്രീചിത്രയിൽ കുട്ടികൾക്കുള്ള സൗജന്യ ചികിത്സ വെട്ടിക്കുറച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 22, ചൊവ്വാഴ്ച

തിരുവനന്തപുരം ശ്രീചിത്രയിൽ കുട്ടികൾക്കുള്ള സൗജന്യ ചികിത്സ വെട്ടിക്കുറച്ചുതിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ കുട്ടികൾക്കുള്ള സൗജന്യ ചികിത്സ വെട്ടിക്കുറച്ചു. കുട്ടികൾക്കുള്ള സൗജന്യ ചികിത്സയിൽ  ന്യൂറോ അടക്കം കൂടുതൽ ചികിത്സ ചെലവ് വരുന്ന വിഭാഗങ്ങൾക്കുള്ള സൗജന്യ  ചികിത്സ നിർത്തലാക്കികൊണ്ടാണ് പുതിയ നടപടി. കുട്ടികളുടെ ന്യൂറോ ശസ്ത്രക്രിയ അടക്കം സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ  ഇനി മുതൽ സൗജന്യമായി ലഭിക്കില്ല കാസ്പ് പദ്ധതി വഴിയുള്ള കുടിശിക ലഭിക്കാത്തതിനാലും  സംസ്ഥാന സർക്കാരുമായി പുതിയ കരാർ നടപ്പാക്കാൻ കഴിയാത്തതുകൊണ്ടുമാണ്  സൗജന്യ ചികിത്സ വിഭാഗങ്ങൾ വെട്ടി കുറച്ചു കൊണ്ടുള്ള തീരുമാനത്തിലെത്തിയത്. എപിഎൽ, ബിപിഎൽ വിഭാഗത്തിലുള്ളവരെ  കാസ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും ബിപിഎൽ  വിഭാഗത്തിൽപ്പെട്ട കുട്ടികളെ താലോലം പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകിയിരുന്നത്. ഈ കുട്ടികൾക്ക് എല്ലാ ചികിത്സയും ശ്രീചിത്രയിൽ സൗജന്യമായിരുന്നു.  ഈ സൗജന്യ ചികിത്സയാണ് നിർത്തലാക്കിയത്.  


കാസ്പ് പദ്ധതി പ്രകാരം 60 ശതമാനം കേന്ദ്ര സർക്കാരും, 40 ശതമാനം സംസ്ഥാന സർക്കാരുമാണ് ചികിത്സ ചെലവ് വഹിക്കുന്നത്. കേരളത്തിന് പുറത്തുള്ള രോഗികൾക്ക് ചെലവ് സംസ്ഥാന സർക്കാരിന് വഹിക്കാനാകില്ലെന്ന് അറിയിച്ചതോടെ തമിഴ്നാട്ടിൽ നിന്ന് അടക്കമുള്ള രോഗികളുടെ സൗജന്യ ചികിത്സ മുടങ്ങിയതിന് പിന്നാലെയാണ് കേരളത്തിലുള്ള കുട്ടികളുടെയും സൗജന്യ ചികിത്സ വിഭാഗങ്ങൾ കുറക്കുവാനുള്ള തീരുമാനത്തിലെത്തിയത്.


കാസ്പ് പദ്ധതിയിലെ ചികിത്സ പാക്കേജിനെക്കാൾ കൂടുതലാണ് ശ്രീചിത്രയിലെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയുടെ  ചെലവ്. 18 കോടിയോളം രൂപ  നിലവിൽ കുടിശ്ശിക തീർക്കാനുമുണ്ട്. കുടിശിക തീർക്കുന്നതിനൊപ്പം, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് ശ്രീചിത്രയ്ക്ക് ഉണ്ടാകുന്ന നഷ്ടം നികത്താൻ പുതിയ കരാർ ഉണ്ടാകണം. എന്നാൽ മാത്രമെ സൗജന്യ ചികിത്സ പൂർണമായും പുനരാരംഭിക്കാനാകു.  എല്ലാവർക്കും ചികിത്സ നൽകുക എന്നത് തന്നെയാണ് ശ്രീചിത്രയുടെ ലക്ഷ്യം. എന്നാൽ ശ്രീചിത്രയിൽ ചികിത്സ ചെലവ് കൂടുതലാണ്. ലാഭം ഉണ്ടാക്കുകയല്ല ശ്രീചിത്രയുടെ ലക്ഷ്യം. എന്നാൽ സ്ഥാപനം മുന്നോട്ട് കൊണ്ട് പോകാൻ പണം ആവശ്യമാണ്. നിലവിൽ കേന്ദ്ര സർക്കാർ ഫണ്ടും, ചികിത്സയ്ക്ക് ഈടാക്കുന്ന തുകയും മാത്രമാണ് ശ്രീചിത്രയുടെ വരുമാന മാർഗം. 18 കോടി കുടിശികയൊന്നും താങ്ങാവുന്നതിലപ്പുറമാണ്. കുടിശിക ലഭിച്ചില്ലെങ്കിൽ ഇപ്പോൾ നൽകുന്ന സേവനം കൂടി തടസപ്പെടുന്ന സ്ഥിതിയാകുമെന്നും  ശ്രീചിത്ര ഡയറക്ടർ ഡോക്ടർ ജയകുമാർ അറിയിച്ചു.

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad