കോവിഡ് ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ കേസ്. സംഭവത്തിൽ 84 ലക്ഷം രൂപയാണ് അനിൽ കുമാറിന്റെ കുടുംബം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊവിഡ് നോഡല്‍ ഓഫിസറായിരുന്ന ഡോ.അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മദ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഉപഭോക്തൃ കോടതിയിൽ അനിൽ കുമാറിന്റെ കുടുംബം കേസ് നൽകിയത്.ചികിത്സ നല്കാൻ ഉത്തവാദപ്പെട്ടവര്‍ അത് നല്‍കിയില്ല. രോഗിയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും മികച്ച ചികിത്സയും പരിചരണവും നിഷേധിച്ചു, കുടുംബത്തിന് അത്താണിയാകേണ്ട ഒരാളെ കിടപ്പുരോഗിയാക്കി തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം തലയോട് ചേര്‍ന്ന് ഉറച്ചുപോയ കൈകള്‍ മറ്റൊരു ആശുപത്രിയിലെ ചികില്‍സയിലൂടെ പൂര്‍വ സ്ഥിതിയിലാക്കിയ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കും. കേസിനെക്കുറിച്ച് അറിയില്ലെന്നാണ് ഡോ.അരുണയുടെ മറുപടി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിചരണത്തില്‍ വീഴ്ച പറ്റിയെന്ന സര്‍ക്കാറിന്റെ റിപ്പോര്‍ട്ടും അനിൽ കുമാറിന്റെ കുടുംബം നൽകിയ പരാതിയിന്മേൽ നോഡൽ ഓഫീസർ ആയിരുന്ന ഡോ.അരുണയെയും രണ്ടു നഴ്സുമാരെയും സസ്പെന്‍ഡ് ചെയ്ത നടപടിയും വാദി ഭാഗത്തിന്റെ നിലപാടിന് ശക്തി പകരും.
അന്നേ ദിവസവും ജോലി കഴിഞ്ഞുള്ള മടക്ക യാത്രയിലാണ് അനിൽ കുമാർ വീണു പരിക്കേറ്റത് . വീണ് പരിക്കേറ്റ അനില്‍കുമാർ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലായിരിക്കെ കൊവിഡ് ബാധിക്കുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു . കോവിഡ് മുക്തനായതിനെ തുടർന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിച്ചപ്പോൾ മുറിവിൽ പുഴുവരിച്ചു ദുർഗന്ധം വമിക്കുന്ന സ്ഥിതിയിൽ ആയിരുന്നു അനിൽ കുമാറിന്റെ ശരീരം . പിന്നീട് പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയിലാണ് അനിൽകുമാര്‍ ആരോഗ്യം വീണ്ടെടുത്തത്. കിടപ്പിലായ അനിൽ കുമാർ ഇപ്പോഴും ചികില്‍സ തുടരുകയാണ് .