ജനുവരി 1 മുതൽ സംസ്ഥാനത്തെ ഹൈസ്കൂൾ ഹയർസെക്കന്റെറി വിദ്യാഭ്യാസം സ്കൂളുകളിൽ പുനരാരംഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിലെ 6 ഹൈസ്കൂളുകൾ ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം അണുവിമുക്തമാക്കിയത്. ഗവ.ബോയ്സ്, ഗേൾസ്, അവനവഞ്ചേരി എച്ച്.എസ്, നവഭാരത്, സി.എസ്.ഐ, വിദ്യാധിരാജ എന്നിവിടങ്ങളിലാണ് നഗരസഭയുടെ നേതൃത്വത്തിൽ ഡിസ് ഇൻഫെക്ഷൻ നടത്തിയത്. ക്ലാസ് മുറികളുടെ അടിസ്ഥാന സൗകര്യങ്ങൾ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, കൗൺസിലർ ജി.എസ്. ബിനു എന്നിവർ സന്ദർശിച്ച് വിലയിരുത്തി.
ഒരു ക്ലാസ് മുറിയിൽ ഏകദേശം 65 വിദ്യർത്ഥികൾ പഠിച്ചിരുന്നിടത്ത് സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു ബഞ്ചിൽ 1കുട്ടി എന്ന ക്രമത്തിലാണ് നിലവിൽ പഠനം പുനരാരംഭിക്കുന്നത്. ശരാശരി 200 മുതൽ 700 വിദ്യാർത്ഥികളാണ് ഒരോ സ്കൂളുകളിലും പഠിക്കുന്നത്. അതിനാൽ വിവിധ ഷിഫ്റ്റ്കളായിട്ടാണ് ക്ലാസുകൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. കൂടാതെ മാസ്ക്, സാനിട്ടൈസർ തുടങ്ങിയ കൊവിഡ് പ്രതിരോധ സംവിധാനങ്ങളും സ്കൂളുകളിൽ ഏർപ്പെടുത്തും. ആശാ വർക്കർമാർ, ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ മാർ എന്നിവരുടെ സേവനവും സ്കൂളുകളിൽ ലഭ്യമാക്കും. ഡിസംബർ 30 ബുധനാഴ്ച 2 മണിക്ക് സ്കൂൾ അധികൃതരുമായുള്ള അടിയന്തിര യോഗം നഗരസഭ മന്ദിരത്തിൽ വച്ച് ചേരുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജെ.എച്ച്.ഐ മാരായ ജി.എസ്. മഞ്ചു, എ.അഭിനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.