ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനം നിര്‍ത്തി വച്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വൈകിട്ട് നാല് മണിയോടെ തുറക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നാലു മണി മുതല്‍ പൂര്‍ണ തോതില്‍ പുനരാരംഭിക്കും. ബുറേവി ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചത്. എന്നാല്‍, ബുറേവി ദുര്‍ബല ന്യൂനമര്‍ദ്ദമായാണ് കേരളത്തിലേക്ക് പ്രവേശിക്കുക എന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പുനരാരംഭിക്കാൻ തീരുമാനിച്ചത്.