തദ്ദേശ തെരഞ്ഞെടുപ്പ് ; പുതിയ സാരഥികൾ ഇന്ന് അധികാരമേൽക്കും - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 21, തിങ്കളാഴ്‌ച

തദ്ദേശ തെരഞ്ഞെടുപ്പ് ; പുതിയ സാരഥികൾ ഇന്ന് അധികാരമേൽക്കും

 


സംസ്ഥാനത്ത് മൂന്നു ഘട്ടങ്ങളായി നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ ഇന്ന് (ഡിസംബർ 21 ) സത്യപ്രതിജ്ഞ  ചൊല്ലി അധികാരമേൽക്കും. ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ  അറിയിച്ചു.  ഗ്രാമ, ബ്ലോക്കുകളിലും  ജില്ലാ പഞ്ചായത്തിലും  മുനിസിപ്പാലിറ്റികളിലും രാവിലെ പത്തിനും കോർപറേഷനിൽ 11.30നുമാണ് സത്യ പ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.  കോർപ്പറേഷനുകളിൽ ജില്ലാ കളക്ടർമാർക്കും മുനിസിപ്പൽ കൗൺസിലുകളിൽ കമ്മീഷൻ നിയോഗിച്ചിട്ടുള്ള വരണാധികാരികൾക്കുമാണ് പ്രതിജ്ഞ ചെയ്യിപ്പിക്കേണ്ട ചുമതല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്.  


ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കം പൂർത്തിയായി. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് ചടങ്ങ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കൊപ്പം ബന്ധുവോ രാഷ്ട്രീയ പാർട്ടിയിലെ അംഗമോ ആയ ഒരാളെ മാത്രമേ കൗൺസിൽ ഹാളിലേക്ക് പ്രവേശിപ്പിക്കൂ .  കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി നടത്തുന്ന ക്രമീകരണങ്ങളോട് എല്ലാ ജനപ്രതിനിധികളും സഹകരിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.  ചടങ്ങ് കഴിഞ്ഞാലുടൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരേണ്ടതാണ്. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു  കമ്മീഷന് റിപ്പോർട്ടും  സമർപ്പിക്കണം. 


Post Top Ad