സംസ്ഥാനത്തെ കോവിഡ്-19 പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ഇറക്കിയ കോവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായി ചിലത് കൂട്ടിച്ചേർത്താണ് മാർഗനിർദ്ദേശങ്ങൾ പുതുക്കിയത്. സമീപകാലത്തെ കോവിഡ് വ്യാപനത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
ക്ലസ്റ്ററുകളില്‍ പെട്ടന്ന് രോഗം വരുന്ന ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന വ്യക്തികളായ 60 വയസിന് മുകളില്‍ പ്രായമായവര്‍, ഗര്‍ഭിണികളും അടുത്തിടെ പ്രസവിച്ച അമ്മമാരും, കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് കണ്ടൈന്‍മെന്റ് കാലത്തിന്റെ തുടക്കത്തില്‍ തന്നെ ആര്.ടി.പി.സി.ആര്. പരിശോധന നടത്തേണ്ടതാണ്. ഇതോടൊപ്പം ക്ലസ്റ്ററുകളില്‍ പെട്ടന്ന് രോഗം വരാന്‍ സാധ്യതയുള്ള വ്യക്തികള്‍ക്ക് എത്രയും വേഗം ആര്.ടി.പി.സി.ആര്. പരിശോധന നടത്തുകയും വേണം.
വൃദ്ധ സദനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങള്‍ക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മൂന്നു മാസത്തിലൊരിക്കല്‍ ആര്.ടി.പി.സി.ആര്. പരിശോധന നടത്തണം.സ്ഥാപനങ്ങളില്‍ കഴിയുന്ന രോഗലക്ഷണമുള്ള എല്ലാ വയോജനങ്ങള്‍ക്കും എത്രയും വേഗം ആര്.ടി.പി.സി.ആര്. പരിശോധന നടത്തേണ്ടതുമാണ്.
കോവിഡ് ബാധിച്ച് പത്ത് ദിവസത്തിനകം ഓക്സിജൻ ചികിത്സ ആവശ്യമായി വരുന്ന മിത തീവ്രതയുള്ള വൈറസ് ബാധിതർക്കാണ് ഇനി മുതൽ പ്ലാസ്മ തെറാപ്പി നൽകുകയെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. പ്ലാസ്മ നൽകുന്നയാളുടെ രക്തത്തിൽ മതിയായ ആന്റിബോഡി ഉണ്ടെന്നും സ്വീകരിക്കുന്ന ആൾക്ക് ആന്റിബോഡി ഇല്ലെന്നും ഉറപ്പാക്കിയ ശേഷം മാത്രമേ പ്ലാസ്മ ചികിത്സ നൽകൂ.
കോവിഡ് നെഗറ്റീവാകുന്നവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കോവിഡ് ബാധിതരെ ചികിൽസിക്കുന്ന രീതിയാണ് കോവിഡ് കോൺവലസൻറ് പ്ലാസ്മ തെറാപ്പി. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും പ്രധാന കോവിഡ് ചികിത്സ കേന്ദ്രങ്ങളിലും പ്ലാസ്മ ഉപയോഗിച്ച് കോവിഡ് ബാധിതരെ ചികിൽസിക്കുന്നുണ്ട്.