ഇന്ധനവില വർധിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് പാചകവാതകവിലയിലും വന്‍ കുതിപ്പ്. വാണിജ്യസിലണ്ടറിന് 55 രൂപയും ഗാര്‍ഹിക സിലണ്ടറിന് 50 രൂപയുമാണ് ഉയര്‍ത്തിയത്. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹിക സിലണ്ടറിന് 651 രൂപയും വാണിജ്യ സിലിണ്ടറിന് 1293 രൂപയുമാണ് പുതിയ വില. ജൂലായ്ക്ക് ശേഷം ആദ്യമായാണ് വില വർധനയുണ്ടാകുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പാചകവാതക വില വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ വാണിജ്യസിലണ്ടറിന് 54 രൂപ 50 പൈസയാണ് ഉയര്‍ത്തിയിരുന്നത്. കൊല്‍ക്കത്തയിലും വാണിജ്യഗ്യാസ് സിലണ്ടറിന്റെ പുതിയ വില 1351 രൂപയായി ഇന്നലെ നിശ്ചയിച്ചിരുന്നു. ഡല്‍ഹിയില്‍ ഗാര്ഹികാവശ്യങ്ങള്ക്കുപയോഗിക്കുന്ന പാചകവാതക സിലണ്ടറിന് 594 രൂപയായി നിശ്ചയിച്ചപ്പോള്‍ സിലണ്ടര്‍ ഒന്നിന് കൊല്‍ക്കത്തയില്‍ 620 രൂപയാണ് വിലയായി നിശ്ചയിച്ചത്.
അതേസമയം ഉപഭോക്താക്കള്‍ക്ക് പാചകവാതക സിലണ്ടറുകള്‍ വാട്ട്സ്ആപ്പിലൂടെ ബുക്ക് ചെയ്യാനാകുന്ന സംവിധാനത്തിന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് രൂപം നല്കി. മുന്‍പ് രജിസ്ടര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ എസ്എംഎസായി എത്തുന്ന പുതിയ നമ്പരില്‍ വാട്ട്സ്ആപ്പ് സന്ദേശമയച്ച് ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഗ്യാസ് ബുക്ക് ചെയ്യാൻ കഴിയും.