ആറ്റിങ്ങൽ നാലുവരിപ്പാത വികസനം രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ കിഴക്കേനാലുമുക്കുമുതൽ മൂന്നുമുക്ക് വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റോഡുവികസനത്തിന് തടസ്സമായി നില്ക്കുന്ന വൈദ്യുതത്തൂണുകൾ മാറ്റിയിടുന്ന ജോലികൾ, എൽ.ഐ.സി.ക്ക് സമീപത്തെ കലുങ്ക്, യൂട്ടിലിറ്റി ഡക്ട്, നടപ്പാത എന്നിങ്ങനെ ടാറിങ്ങിനു മുൻപുള്ള പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എൽ.ഐ.സി. ഓഫീസിനുസമീപം മഴക്കാലത്ത് വലിയ വെള്ളക്കെട്ടുണ്ടാകുന്നത് ഒഴിവാക്കാനാണ് ഇവിടെ കലുങ്ക് നിർമിക്കുന്നത്.
മൂന്നുമുക്കുമുതൽ കെ.എസ്.ആർ.ടി.സി. ജങ്ഷൻ വരെയുള്ള ഒരു കിലോമീറ്റർ ഭാഗത്താണ് രണ്ടാംഘട്ടത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. റോഡ് നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന 38 വൈദ്യുതത്തൂണുകളാണ് ഈ ഭാഗത്ത് മാറ്റിയിടേണ്ടത്. ടെലിഫോൺ കേബിൾ, കുടിവെള്ളക്കുഴലുകൾ എന്നിവ കടത്തിവിടുന്നതിനായി ഭാവിയിൽ ഉപയോഗിക്കാൻ വേണ്ടി ഐ.ടി.ഐ.ക്കുസമീപം നിർമ്മിക്കുന്ന യൂട്ടിലിറ്റി ടാക്ടിന്റെ ജോലികൾ രണ്ടുദിവസമായി നടക്കുകയാണ്. ജല അതോറിറ്റിയുടെ കുഴലുകൾ മാറ്റിസ്ഥാപിക്കൽ, ബി.എസ്.എൻ.എൽ., സ്വകാര്യകമ്പനികൾ എന്നിവയുടെ കേബിളുകൾ മാറ്റുന്നജോലികൾ എന്നിവ പുരോഗമിക്കുന്നു. റോഡ് വികസനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.