നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ജപ്തി നടപടിക്കിടെ ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭർത്താവിന് പിന്നാലെ ഭാര്യയും ഇന്നലെ മരിച്ചു. നെയ്യാറ്റിൻകര വെൺപകൽ സ്വദേശി രാജൻ്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. രാജൻ ഇന്നലെ പുലർച്ചെയും അമ്പിളി ഇന്നലെ വൈകിട്ടോടെയുമാണ് മരിച്ചത്. ആത്മഹത്യ ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും രാജൻ പൊലീസിനെതിരെ മൊഴി നൽകിയിരുന്നു.
നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ നൽകിയ കേസിൽ ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴായിരുന്നു രാജന്റെയും കുടുംബത്തിന്റെയും ആത്മഹത്യാ ശ്രമം.
ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ച് ദേഹത്തേക്ക് മണ്ണെണ ഒഴിച്ചു അമ്പിളിയേയും കെട്ടിപ്പിടിച്ച് നിന്ന രാജൻ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. രാജൻ്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ തട്ടിപ്പറിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ ദേഹത്തേക്ക് തീ പടരുകയായിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്ന് രാജന്റെയും അമ്പിളിയുടെയും മക്കളായ രഞ്ജിത്തും രാഹുലും ആരോപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന അമ്പിളിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.