നെയ്യാറ്റിൻകരയിൽ തർക്ക ഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടയിൽ ആത്മഹത്യക്ക് ശ്രമിച്ച രാജൻ പോലീസിനെതിരെ രംഗത്ത്. പോലീസ് കൈതട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെ ആണ് തീ ആളിപടർന്നതെന്ന് രാജൻ ആരോപിച്ചു. പെട്രോൾ ഒഴിച്ച് പോലീസിനെ പേടിപ്പിക്കാൻ മാത്രമായിരുന്നു താൻ ശ്രമിച്ചത്. ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ രാജൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആണ് പൊലീസും കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരുമെത്തുന്നതെന്നും തീ പിടിക്കാൻ കാരണം പോലീസിന്റെ ഇടപെടലാണെന്നും മകൻ എടുത്ത വീഡിയോയിൽ രാജൻ വ്യക്തമാക്കുന്നു.ഭക്ഷണം മുഴുവനായി കഴിക്കാൻ പോലും പോലീസ് സമ്മതിച്ചില്ലെന്നും തീ കൊളുത്തുമെന്ന് പറഞ്ഞാൽ പൊലീസും ഉദ്യാഗസ്ഥരും മടങ്ങി പോവുമെന്നാണ് കരുതിയതെന്നും രാജൻ പറഞ്ഞു . അതേ സമയം ആരോപണം തെറ്റാണെന്നും രാജനെ രക്ഷിക്കാൻ ശ്രമിച്ചതാണെന്നുമാണ് പോലീസ് പറയുന്നത്. ഗുരുതരമായി പൊള്ളലേറ്റ രാജന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.