ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തുന്ന ഭക്ത ജനങ്ങൾക്കായി കൊവിഡ് ടെസ്റ്റ് കേന്ദ്രം ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കുന്നു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം കിഴക്കേ നടയിലാണ് പരിശോധന കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് പ്രവർത്തനസമയം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയറിന്റെ കീഴിലുള്ള ഹിന്ദ്ലാബ്സ്, ജില്ലാ ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് പരിശോധനാ കേന്ദ്രം പ്രവർത്തിക്കുന്നത്.
ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തർക്കു പുറമേ കോവിഡ് ലക്ഷണങ്ങളുള്ള പൊതുജനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ക്ഷേത്രത്തിലെ കൊവിഡ് ടെസ്റ്റ് കേന്ദ്രത്തിൽ നിന്നുള്ള പരിശോധന ഫലം ഒരു രേഖയായി വിദേശത്തേക്ക് പോകുന്നവർക്കും ശബരിമല ഭക്തർക്കും ഉപയോഗിക്കാവുന്നതാണ്. ഈ കേന്ദ്രത്തിൽ ടെസ്റ്റ് ചെയ്യാൻ എത്തുന്നവർ ആധാർ അല്ലെങ്കിൽ പാസ്പോർട്ട് തിരിച്ചറിയൽ രേഖയായി കൊണ്ട് വരേണ്ടതാണ്. സർക്കാർ നിരക്കിനേക്കാൾ കുറഞ്ഞ ചെലവിലാണ് ഇവിടെ ടെസ്റ്റ് നടത്തുന്നത്. ആന്റിജൻ ടെസ്റ്റിന് 600 രൂപയും ആർ.ടി.പി.സി.ആർ.ടെസ്റ്റിന് 2000 രൂപയുമാണ് നിരക്ക്. ആന്റിജൻ ടെസ്റ്റ് ഫലം ഒരു മണിക്കൂറിനകവും ആർ.ടി.പി.സി.ആർ ഫലം 24 മണിക്കൂറിനകവും ലഭ്യമാകും.