പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി (77 )അന്തരിച്ചു. ഞായറാഴ്ച രാത്രി ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നഡ, തെലുഗു, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 55-ഓളം സിനിമകളില്‍ അദ്ദേഹം കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നു തവണ കലാസംവിധാനത്തിനും രണ്ടു തവണ വസ്ത്രാലങ്കാരത്തിനും ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അഞ്ചു തവണ കേരള സംസ്ഥാന പുരസ്കാരവും ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡിന് പുറമെ കലൈമാമണി പുരസ്കാരവും അദ്ദേഹത്തിനെ തേടിയെത്തി.
ജി.വി അയ്യരുടെ കന്നഡ ചിത്രമായ ഹംസ ഗീതയിലൂടെയാണ് കൃഷ്ണമൂര്‍ത്തി ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്. ലെനില്‍ രാജേന്ദ്രന് സംവിധാനം ചെയ്ത സ്വാതിതിരുനാള്‍ എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണമൂര്‍ത്തിയുടെ മലയാള സിനിമ മേഖലയിലേക്ക് കടന്നു വന്നത്. സിനിമയില്‍ പ്രവേശിക്കുന്നതിനുമുമ്പ് നാടകങ്ങള്‍ക്കും നൃത്ത പരിപാടികള്‍ക്കുമായി സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരുന്നു. വൈശാലി, പരിണയം, ഒരു വടക്കൻ വീരഗാഥ, ഗസൽ, പെരുന്തച്ചൻ, രാജശില്പി തുടങ്ങി പതിനഞ്ചോളം മലയാളം സിനിമകൾക്ക് അദ്ദേഹം കലാസംവിധാനം നിർവഹിച്ചു.