ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫ് ഭരണത്തുടർച്ചയ്ക്കാവശ്യമായ ഭൂരിപക്ഷം ലഭിച്ചെങ്കിലും അദ്ധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുന്നു. വനിതാസംവരണമാണ് ഇക്കുറി അദ്ധ്യക്ഷ സ്ഥാനം. മുൻ ചെയർപേഴ്സണായിരുന്ന അഡ്വ. എസ്. കുമാരിയെയാണ് ഇക്കുറി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാളെ പരിഗണിക്കണമെന്ന വാദം ശക്തയി തന്നെ തുടരുകയാണ് . വൈസ് ചെയർമാൻ സ്ഥാനത്തേക്ക് സി.പി.എം ഒരാളെ നിശ്ചയിച്ചുണ്ടെന്നാണ് രഹസ്യവിവരം. എന്നാൽ സി.പി.ഐ മൂന്നു വാർഡുകളിൽ വിജയിച്ച് കൗൺസിലിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് സി.പി.ഐ ജില്ലാ നേതൃത്വം വൈസ് ചെയർമാൻ സ്ഥാനം ആവശ്യപ്പെടാനും സാദ്ധ്യതയുണ്ട്. മൂന്ന് തവണ വിജയിക്കുകയും രണ്ട് തവണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന അവനവഞ്ചേരി രാജുവിനാണ് ഏറ്റവും കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്നത്.